ആരോഗ്യബില്ലിനായി ഒബാമയുടെ ഉച്ചകോടി

Posted on: 10 Feb 2010



വാഷിങ്ടണ്‍: ആരോഗ്യസുരക്ഷാബില്ലിനു പിന്തുണയുറപ്പിക്കാന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ആരോഗ്യസുരക്ഷാ ഉച്ചകോടി വിളിക്കുന്നു. ബില്‍ കോണ്‍ഗ്രസ്സില്‍ പാസ്സാക്കുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളെ അനുനയിപ്പിക്കാനുള്ള അവസാനശ്രമമെന്ന നിലയ്ക്കാണ് ഉച്ചകോടി. എന്നാല്‍ ഉച്ചകോടികൊണ്ട് പരിഹാരമാവില്ലെന്നും കാര്യങ്ങള്‍ ആദ്യംമുതലേ തുടങ്ങണമെന്നുമാണ് റിപ്പബ്ലിക്കന്‍ നിലപാട്. പ്രതിപക്ഷത്തിന്റെ മനസ്സുമാറിയില്ലെങ്കിലും ബില്ലിന് ജനപിന്തുണ ഉറപ്പിക്കാന്‍ ഉച്ചകോടികൊണ്ട് കഴിയുമെന്നാണ് ഒബാമ കരുതുന്നത്.

ഫിബ്രവരി 25നാണ് ഡെമോക്രാറ്റിക് അംഗങ്ങളെയും റിപ്പബ്ലിക്കന്‍ അംഗങ്ങളെയും ചേര്‍ത്ത് ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഈ വേദി ഉപയോഗിക്കാമെന്നാണ് ഒബാമയുടെ വാഗ്ദാനം. കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പില്‍ സെനറ്റിലെ നിര്‍ണായകമായ അറുപതാമത്തെ സീറ്റ് ഡെമോക്രാറ്റിക്കുകള്‍ക്ക് നഷ്ടപ്പെട്ടതാണ് ഒബാമയുടെ നീക്കത്തിനു പിന്നിലെ കാരണം. നിലപാട് ജനങ്ങളിലെത്തിക്കാന്‍ ഉച്ചകോടി ടെലിവിഷന്‍വഴി സംപ്രേഷണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കാനുള്ള ശ്രമമാണ് ഉച്ചകോടിയെന്ന ആരോപണം വൈറ്റ്ഹൗസ് നിഷേധിച്ചു. സത്യസന്ധമായ ചര്‍ച്ചയെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സ്വാഗതംചെയ്യുമെന്നും എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ഇതെന്നും റിപ്പബ്ലിക്കന്‍ പ്രതിനിധി ടോം പ്രൈസ് പറഞ്ഞു.

ആരോഗ്യമേഖലയിലെ സമഗ്രപരിഷ്‌കരണം ലക്ഷ്യമിടുന്ന ബില്‍ ഒരിക്കല്‍ക്കൂടി അമേരിക്കന്‍ജനതക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/