ഫൊന്‍സെകയെ സൈനികവിചാരണ ചെയ്യും

Posted on: 10 Feb 2010



കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹിന്ദ രാജപക്‌സെയോട് പരാജയപ്പെട്ട മുന്‍സേനാമേധാവി ശരത് ഫൊന്‍സെകയെ രാജ്യദ്രോഹക്കുറ്റത്തിന് സൈനികകോടതിയില്‍ വിചാരണചെയ്യും. തിങ്കളാഴ്ച അറസ്റ്റിലായ ഫൊന്‍സെകയെ അജ്ഞാത സൈനികത്താവളത്തിലേക്ക് മാറ്റിയതായി സേനാവക്താവ് അറിയിച്ചു.

സേനാധിപനായിരുന്ന കാലത്ത് നടത്തിയ ചില തട്ടിപ്പുകളുടെയും അതിക്രമങ്ങളുടെയും പേരിലാണ് ഫൊന്‍സെകയെ അറസ്റ്റുചെയ്തത് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. എന്നാല്‍ രാജപക്‌സെയെയും കുടുംബാംഗങ്ങളെയും വധിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നീ ആരോപണങ്ങളും ഫൊന്‍സെകയ്‌ക്കെതിരെയുണ്ട്. തമിഴ്‌വംശജര്‍ക്കെതിരെ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ് ഫൊന്‍സെക പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റിന്റെ സഹോദരനും പ്രതിരോധമന്ത്രിയുമായ ഗൊതഭയ രാജപക്‌സെയ്‌ക്കെതിരെ ഫൊന്‍സെക മൊഴി നല്‍കിയേക്കുമെന്ന ആശങ്കയും സര്‍ക്കാറിനുണ്ട്. സൈനിക യൂനിഫോം ഉപേക്ഷിക്കുന്നതിന് മുമ്പുതന്നെ ഫൊന്‍സെക രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചിരുന്നതായും ആരോപണമുണ്ട്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ഫൊന്‍സെക താമസിച്ചിരുന്ന ഹോട്ടല്‍ സൈന്യം വളഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രചാരണ ഓഫീസില്‍ റെയ്ഡ് നടത്തി പതിനഞ്ചോളം അനുയായികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഫൊന്‍സെകയെ അനുകൂലിക്കുന്ന 12 മുതിര്‍ന്ന സൈനികഓഫീസര്‍മാരെ പ്രസിഡന്റ് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

ഏഴ് മാസംമുമ്പ് 'യുദ്ധവിജയശില്പി'യായി വാഴ്ത്തിയ കരസേനാമേധാവിയെ സൈന്യം അറസ്റ്റുചെയ്ത ശേഷം വലിച്ചിഴച്ചുകൊണ്ടുപോവുകയാണുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 'മൃഗത്തോടെന്നപോലെ'യാണ് സൈന്യം ഫൊന്‍സെകയോട് പെരുമാറിയതെന്ന് കണ്ണീരോടെ ഭാര്യ അനോമ ഫൊന്‍സെക പത്രക്കാരോട് പറഞ്ഞു. ഇത് അറസ്റ്റല്ലെന്നും തട്ടിക്കൊണ്ടുപോവലാണെന്നും അനോമ ആരോപിച്ചു. ഫൊന്‍സെകയുടെ സുരക്ഷസംബന്ധിച്ച് ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/