ഇറാന്‍ സമ്പുഷ്ടീകരണം തുടങ്ങി; ഉടന്‍ ഉപരോധം വേണമെന്ന് അമേരിക്ക

Posted on: 10 Feb 2010



ടെഹ്‌റാന്‍/പാരിസ്: പാശ്ചാത്യരാജ്യങ്ങളുടെ ഭീഷണി അവഗണിച്ച് യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയതായി ഇറാന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇറാനുമേല്‍ ഉടന്‍ കൂടുതല്‍ യു.എന്‍.ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്കുള്ളിലല്ല, ആഴ്ചകള്‍കൊണ്ടുതന്നെ ഇറാനുമേല്‍ പുതിയ ഉപരോധം ചുമത്തണമെന്ന് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം പ്രസ് സെക്രട്ടറി ജിയോഫ് മോറല്‍ അഭിപ്രായപ്പെട്ടു.

നതാന്‍സ് ആണവശാലയിലാണ് യുറേനിയം 20 ശതമാനം സമ്പുഷ്ടീകരിക്കുന്ന പ്രക്രിയ തുടങ്ങിയതെന്ന് ഇറാന്റെ ഉന്നത ആണവോര്‍ജ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ സലേഹിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താഏജന്‍സി അറിയിച്ചു. അന്താരാഷ്ട്ര പരിശോധകരുടെ സാന്നിധ്യത്തില്‍ നടക്കുന്ന സമ്പുഷ്ടീകരണപ്രവര്‍ത്തനം പൂര്‍ത്തിയാവാന്‍ ഒരുവര്‍ഷമെടുക്കുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. നതാന്‍സ് ആണവശാലയില്‍ തങ്ങളുടെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തനം നടക്കുന്നതെന്ന് ഐ.എ.ഇ.എ.യും അറിയിച്ചു. എന്നാല്‍ അടുത്തയാഴ്ചയേ അതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാവുകയുള്ളൂ.

മൂന്നുതരത്തിലുള്ള യു.എന്‍. ഉപരോധങ്ങള്‍ക്കിടെയാണ് വര്‍ഷങ്ങളായി നതാന്‍സ് ആണവശാലയില്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത്. പുതിയ സമ്പുഷ്ടീകരണപരിപാടി പ്രഖാപിച്ചപ്പോഴും അമേരിക്കയും ഫ്രാന്‍സും കടുത്ത ഉപരോധമുണ്ടാവുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. ആണവായുധമുണ്ടാക്കാനാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരിക്കുന്നതെന്നാണ് പാശ്ചാത്യരാജങ്ങളുടെ ആരോപണം. എന്നാല്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കാണിതെന്ന് ഇറാന്‍ വാദിക്കുന്നു.

പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസിയുമായി യു.എസ്. പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് നടത്തിയ ചര്‍ച്ചയില്‍ പുതിയ ഉപരോധ നീക്കവുമായി മുന്നോട്ടുപോവാന്‍ തീരുമാനമായിട്ടുണ്ട്. നിലവില്‍ രക്ഷാസമിതി അധ്യക്ഷനായുള്ള ഫ്രാന്‍സിനോട് ഉപരോധത്തിന് അനുവാദം ചോദിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെടും. ഇനി ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അന്താരാഷ്ട്ര ഉപരോധമാണ് അടുത്ത നടപടിയെന്നുമുള്ള കടുത്ത നിലപാടിലാണ് ഇരുരാജ്യങ്ങളും. ചൈനയൊഴിച്ചുള്ള വന്‍ശക്തികളെക്കൊണ്ട് ഇക്കാര്യം സമ്മതിപ്പിക്കാന്‍ അമേരിക്കയ്ക്ക് സ്വാധീനം ചെലുത്താനാവും. എന്നാല്‍, ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നാണ് ചൈന പറയുന്നത്.

യു.എന്‍. ഉപരോധവുമായി മുന്നോട്ടുപോവാനുള്ള വന്‍ ശക്തികളുടെ നീക്കത്തെ ഇറാന്‍ അപലപിച്ചു. സമ്പുഷ്ടീകരണം വര്‍ധിപ്പിക്കാനുള്ള തീരുമാനം വന്‍ശക്തികളുമായുള്ള കരാറിന് തടസ്സമാവില്ലെന്ന് ഇറാന്‍ വിദേശകാര്യവക്താവ് റാമിന്‍ മെഹ്മാന്‍ പരിസ്ത പറഞ്ഞു. പുതിയ ഉപരോധംകൊണ്ട് പ്രതിസന്ധിക്ക് പരിഹാരമാവില്ല. ഇത്തരം നടപടികള്‍കൊണ്ട് തങ്ങള്‍ പിന്മാറുമെന്നത് തെറ്റിദ്ധാരണയാണ്- അദ്ദേഹം വ്യക്തമാക്കി.

പ്രകൃതിദത്ത യുറേനിയത്തില്‍ യുറേനിയം 235 ഐസോടോപ്പിന്റെ അളവ് വര്‍ധിപ്പിക്കുന്ന പ്രക്രിയയാണ് സമ്പുഷ്ടീകരണം. സാധാരണ ഊര്‍ജാവശ്യങ്ങള്‍ക്ക് 3.5 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം മതി. ഇതാണിപ്പോള്‍ ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത് 20 ശതമാനമാക്കി ഉയര്‍ത്തിയാലും പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്കപോലെ ആയുധനിര്‍മാണത്തിന് ഉപയോഗിക്കാനാവില്ല. ആണവായുധങ്ങള്‍ക്കാണ് 93ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ആവശ്യമുള്ളത്. ചികിത്സാ രംഗത്ത് ഉപയോഗപ്പെടുത്താനാണ് 20ശതമാനം സമ്പുഷ്ടീകരിക്കുന്നതെന്ന് ഇറാന്‍ അവകാശപ്പെടുന്നുണ്ട്.

വന്‍ശക്തികളുമായി ഇന്ധനക്കൈമാറ്റക്കരാറില്‍ ഏര്‍പ്പെടാനാവാത്തതാണ് ആണവപരിപാടി വികസിപ്പിക്കാന്‍ ഇറാനെ പ്രകോപിപ്പിച്ചത്. 3.5 ശതമാനം സമ്പുഷ്ടീകരിച്ച ഇറാന്റെ യുറേനിയം വിദേശത്ത് കൊണ്ടുപോയി 20ശതമാനം സമ്പുഷ്ടീകരിച്ച് തിരികെനല്‍കാന്‍ ഏകദേശധാരണയായതാണ്. എന്നാല്‍ ഇന്ധനം നല്‍കുമ്പോള്‍ തന്നെ സമ്പുഷ്ടീകരിച്ച ഇന്ധനവും നല്‍കണമെന്ന ഇറാന്റെ ആവശ്യം വന്‍ശക്തികള്‍ അംഗീകരിച്ചില്ല. ഇതോടെയാണ് 20ശതമാനം യുറേനിയം സമ്പുഷ്ടീകരണവും പത്ത് പുതിയ സമ്പുഷ്ടീകരണ ശാലകളും പ്രഖ്യാപിച്ച് ഇറാന്‍ വന്‍ശക്തികളെ വെല്ലുവിളിച്ചത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/