കുറ്റം ചുമത്തി; ജാക്‌സന്റെ ഡോക്ടര്‍ക്ക് ജാമ്യം

Posted on: 10 Feb 2010



ലോസ് ആഞ്ജലിസ്: പോപ് ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഡോക്ടര്‍ കോണ്‍റാഡ് മറേക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി. തിങ്കളാഴ്ച ലോസ് ആഞ്ജലിസിലെ കോടതിയില്‍ ഹാജരായി കുറ്റം നിഷേധിച്ച ഡോ. മറേയെ ജാമ്യത്തില്‍ വിട്ടു.

സംഗീതപര്യടനവുമായി തിരിച്ചുവരവിനൊരുങ്ങുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് 50-ാം വയസ്സില്‍ ജാക്‌സണ്‍ മരണമടഞ്ഞത് അപകടകരമായ തോതില്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചതുകൊണ്ടാണെന്ന് മൃതദേഹപരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കുറിച്ചുനല്‍കിയ സ്വകാര്യ ഡോക്ടര്‍ക്കെതിരെ കേസെടുത്തത്. അപായപ്പെടുത്തണമെന്ന ഉദ്ദേശ്യമില്ലാതെ അപകടകാരിയായ മരുന്ന് നല്‍കിയെന്ന കുറ്റമാണ് ഡോക്ടര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. തെളിയിക്കപ്പെട്ടാല്‍ നാലുവര്‍ഷം തടവു ലഭിക്കാവുന്ന കുറ്റമാണിത്.

അക്ഷോഭ്യനായി ജഡ്ജിക്കു മുന്നിലെത്തി കുറ്റം നിഷേധിച്ച ഡോ. മറേയെ 75,000 ഡോളറിന്റെ ജാമ്യത്തിലാണ് വിട്ടയച്ചത്. കേസ് തീര്‍പ്പാകുംവരെ അദ്ദേഹത്തിന് ചികിത്സ നടത്താന്‍ ജഡ്ജി കീത്ത് ഷ്വാര്‍ട്ട്‌സ് അനുമതി നല്‍കിയിട്ടുണ്ട്. ആര്‍ക്കും മയക്കുമരുന്നുകള്‍ കുറിച്ചുനല്‍കാന്‍ പാടില്ലെന്ന ഉപാധിയോടെയാണിത്. ഡോ. മറേ കോടതിയിലെത്തുമ്പോള്‍ പുറത്ത് ജാക്‌സന്റെ ആരാധകര്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.

ജാക്‌സന്റെ പിതാവ് ജോയ്, അമ്മ കാതറിന്‍, സഹോദരങ്ങളായ ജെര്‍മൈന്‍, ടിറ്റോ, ജാക്കി, റാന്‍ഡി, ലാടോയ്ക്ക എന്നിവര്‍ കോടതിയിലുണ്ടായിരുന്നു. ഡോക്ടര്‍ക്കെതിരെ ചുമത്തിയ കുറ്റം കുറഞ്ഞുപോയെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.

വെസ്റ്റ്ഇന്‍ഡീസില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഡോ. മറേ ഒന്നര ലക്ഷം രൂപ ശമ്പളത്തിന് 2009ലാണ് ജാക്‌സന്റെ സ്വകാര്യ ഡോക്ടറായത്. ശസ്ത്രക്രിയാവേളയില്‍ മയക്കുമരുന്നായി ഉപയോഗിക്കുന്ന പ്രോപോ ഫോളും ഡയസിപാം, മിഡാസലാം തുടങ്ങിയ മരുന്നുകളും ഡോ. മറേ ജാക്‌സന് നല്‍കിയതായി സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

ജാക്‌സന് മയക്കുമരുന്ന് കുറിച്ചു നല്‍കിയ കാര്യം ഡോ. മറേ അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഉറക്കക്കുറവിനുള്ള മരുന്നാണ് താന്‍ നല്‍കിയതെന്നും അത് അപകടകാരിയായിരുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അനസേ്തഷ്യക്കുപയോഗിക്കുന്ന പ്രോപോഫോള്‍ ജാക്‌സന് ആദ്യം കുറിച്ചുനല്‍കിയത് താനല്ലെന്നും മുന്‍ ഡോക്ടര്‍മാരുടെ ചികിത്സ ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞതായി കോടതി രേഖകളിലുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/