
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കുനേരെ സമീപകാലത്തുണ്ടായ അക്രമ സംഭവങ്ങളില്‍ ചിലത് വംശീയവിദ്വേഷം കാരണമായിരുന്നുവെന്ന് സമ്മതിച്ച ഓസ്‌ട്രേലിയ കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കുമെന്ന് ആവര്‍ത്തിച്ചു. ഇത് രാജ്യത്തിന്റെ സലേ്പര് നശിപ്പിക്കുകയാണെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി സ്റ്റിഫന്‍സ്മിത്ത് പാര്‍ലമെന്റില്‍ പറഞ്ഞു.
ഇന്ത്യക്കാര്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളില്‍ ചിലതിനു പിന്നില്‍ വംശീയവിദ്വേഷമാണെന്ന് ഏറെക്കുറെ വ്യക്തമാണ്. ഇക്കാര്യം തെളിഞ്ഞാല്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കും. കവര്‍ച്ചയും മര്‍ദനവും ഉള്‍പ്പെട്ട ആക്രമണങ്ങള്‍ മാപ്പര്‍ഹിക്കാത്തതാണ്-അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണപരമ്പരയില്‍ വ്യാപകപ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. രാത്രി വൈകി ജോലിചെയ്യുന്ന വിദേശ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി കെവിന്‍ റഡും പറഞ്ഞു.
ഇന്ത്യന്‍വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായത് വംശീയ ആക്രമണമാണെന്ന ആരോപണം ഓസ്‌ട്രേലിയന്‍ സര്‍ക്കാറും അധികൃതരും ഇത്രനാളും നിഷേധിച്ചുവരികയായിരുന്നു. ഇന്ത്യന്‍വംശജര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധത്തിലും, വിദ്യാഭ്യാസരംഗത്തും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. നിലവില്‍ 1,20,000 ഇന്ത്യന്‍വിദ്യാര്‍ഥികള്‍ ഓസ്‌ട്രേലിയയിലുള്ളതായാണ് കണക്ക്. കഴിഞ്ഞവര്‍ഷം മേയിലാണ് ഇന്ത്യന്‍വംശജര്‍ക്കെതിരെ ആക്രമണം തുടങ്ങിയത്. രണ്ടുപേര്‍ കൊല്ലപ്പെട്ടു.
അക്രമങ്ങളെത്തുടര്‍ന്ന് വിക്ടോറിയ സ്റ്റേറ്റില്‍മാത്രം 45പേരെ അറസ്റ്റുചെയ്തതായി അദ്ദേഹം പറഞ്ഞു.