സുരക്ഷ: വെല്ലുവിളികളെ യോജിച്ച് നേരിടണം
Posted on: 10 Feb 2010
അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദം, നക്‌സല്‍ തീവ്രവാദം, മതസ്പര്‍ധ തുടങ്ങി രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും നേരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭീഷണികളെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് നേരിടുന്നതിന് രാജ്യത്തെ സജ്ജമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉദ്യമം എല്ലാവിധ പിന്തുണയും അര്‍ഹിക്കുന്നതാണ്. അനേകവര്‍ഷങ്ങളായി രാജ്യം അഭിമുഖീകരിച്ചുവരുന്ന ഇത്തരം സ്‌ഫോടനാത്മകമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പഴയ രീതികളും സംവിധാനങ്ങളും ഒട്ടും പര്യാപ്തമല്ല എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു മുംബൈ തീവ്രവാദി ആക്രമണം. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമല്ല സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പോലീസ് സേനകള്‍ക്കും കൂടി പങ്കാളിത്തമുള്ള നടപടികളും നീക്കങ്ങളുംകൊണ്ടേ അത്തരം ആപദ്ഘട്ടങ്ങളെ തരണം ചെയ്യാനാവൂ എന്നതിന്റെ മികച്ച അനുഭവപാഠം കൂടിയായിരുന്നു അത്. എന്നാല്‍ ഇന്നും നടുക്കമുണ്ടാക്കുന്ന ആ സംഭവങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ചികഞ്ഞുനോക്കുമ്പോള്‍ തെളിഞ്ഞുവരിക ഏകോപനത്തിന്റെ പോരായ്മകളാണ്. രാജ്യം നേരിടുന്ന സുരക്ഷാഭീഷണികളെ ചെറുക്കാന്‍ കേന്ദ്ര - സംസ്ഥാന, സര്‍ക്കാരുകള്‍ യോജിച്ചുനീങ്ങണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ആഹ്വാനംചെയ്തതിനെ അതിന്റെ പശ്ചാത്തലത്തില്‍വേണം കാണാന്‍. അത്തരമൊരു അവബോധം വളര്‍ത്തിയെടുക്കാനുള്ള നീക്കം തന്നെയാണ് ഇപ്പോള്‍ ഏറെ അനിവാര്യമായിരിക്കുന്നത്.
അത്യാഹിതങ്ങളും ആപത്തുകളും സംഭവിക്കുമ്പോള്‍ പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പതിവായി ശ്രമിച്ചുകാണാറുള്ളത്. ഇവിടെ തീവ്രവാദം വളര്‍ന്നുവരുന്നതിന്റെ പഴിയും മറ്റ് വല്ലവരുടെയും തലയില്‍ കെട്ടിവെക്കാന്‍ തന്നെ ശ്രമം. തീവ്രവാദബന്ധത്തിന്റെ പേരില്‍ പിടിയിലായ ചിലരെ ചോദ്യംചെയ്യുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനുംവേണ്ടി ചില കേസുകള്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യെ ഏല്പിച്ചതിന്റെ പേരില്‍ കേരളത്തിലുണ്ടായ പുകില്‍ ഇനിയും പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ല. രാജ്യത്താകമാനം പടര്‍ന്നുപിടിച്ചിട്ടുള്ള ഈ വ്യാധിയെ ഉന്മൂലനംചെയ്യാനുള്ള യജ്ഞം ഒരു ഏജന്‍സിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് വിജയപ്രദമാക്കുക അസാധ്യമാണെന്ന തിരിച്ചറിവാണ് ഇവിടെ ഇല്ലാതെപോയത്. കശ്മീരിനെ ബലമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യംവെച്ചാണ് പാകിസ്താന്‍ ആസ്ഥാനമായ ഭീകരസംഘടനകള്‍ നീങ്ങുന്നതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടുന്നത്. ഇത്രയും ദുഷ്ടലാക്കോടെ, മനുഷ്യജീവന് യാതൊരു വിലയും കല്പിക്കാത്തതരത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ബോംബ് പൊട്ടിച്ച് താണ്ഡവമാടുന്ന പ്രസ്ഥാനങ്ങളെ, അവര്‍ക്ക് രാജ്യത്തെവിടെയൊക്കെ വേരോട്ടമുണ്ടെങ്കിലും പാടേ പിഴുതെറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നാട്ടില്‍ ശാശ്വത സമാധാനം എക്കാലത്തും ഒരു മരീചികയായിരിക്കുകയേ ഉള്ളൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ മനസ്സുവെച്ചാലേ അത്തരം ദുഷ്ടശക്തികളെ തുടച്ചുനീക്കാനാവൂ.
ഇത്തരം പ്രസ്ഥാനങ്ങളും നക്‌സല്‍ തീവ്രവാദികളും ചില പ്രദേശങ്ങളില്‍ അസ്വാസ്ഥ്യം വിതയ്ക്കുന്ന വിഘടന വാദികളുമൊക്കെ നിലനില്‍ക്കുന്നത് വിദേശഫണ്ടിന്റെ ബലത്തിലാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വന്‍ഭീഷണിയായ കള്ളപ്പണമായും വ്യാജ ഇന്ത്യന്‍ കറന്‍സികളായും ഒക്കെയാണ് ഈ ഫണ്ടുകള്‍ ഒഴുകിയെത്തുന്നത്. ഇതിന്റെ വിതരണ ശൃംഖല രാജ്യത്തിന്റെ മുക്കിലും മൂലയിലും വ്യാപിച്ചുകിടക്കുന്നതാണ്. സംസ്ഥാന പോലീസിന്റെയും നാട്ടുകാരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടെങ്കിലേ അതും തകര്‍ക്കാന്‍ കഴിയൂ. അതിന് പോലീസ് സേനയില്‍ വേണ്ടത്ര അംഗബലം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതുവഴി കുറെയേറെ യുവാക്കള്‍ക്ക് തൊഴിലവസരം തുറന്നുകിട്ടുമെന്ന ഗുണം കൂടിയുണ്ട്. എല്ലാറ്റിലുമുപരി നാട്ടുകാരില്‍ വേണ്ടത്ര അവബോധം ഉണ്ടാക്കുക എന്നതും പ്രധാനമാണ്. മത-സാമുദായിക-രാഷ്ട്രീയ വേര്‍തിരിവുകളുടെ അടിസ്ഥാനത്തില്‍ രാജ്യസുരക്ഷപോലുള്ള കാര്യങ്ങളെ സമീപിക്കുന്നതിന്റെ ആപത്ത് സാധാരണ ജനങ്ങള്‍ക്ക് മാത്രമല്ല, സങ്കുചിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില നേതാക്കള്‍ക്കും ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും മാറ്റം വരുത്താനായില്ലെങ്കില്‍ ആഭ്യന്തരസുരക്ഷയെക്കുറിച്ച് ഉന്നതതല ചര്‍ച്ചകള്‍ നടത്തിയതുകൊണ്ടോ ഏകോപനം സാധ്യമാക്കിയതുകൊണ്ടോ ചെറുത്തുനില്‍പ്പിനുള്ള ശേഷിവര്‍ധിപ്പിച്ചതു കൊണ്ടോ ഒന്നും ഒരു പ്രയോജനവുമുണ്ടാവില്ല.