മയക്കുമരുന്ന് കേസില്‍ രണ്ട് നൈജീരിയക്കാര്‍ക്ക് 10 വര്‍ഷം തടവ്‌

Posted on: 09 Feb 2010



ന്യൂഡല്‍ഹി:400 ഗ്രാം കൊക്കെയ്‌നും ഹെറോയിനും കൈവശംവെച്ചതിന് രണ്ട് നൈജീരിയന്‍ പൗരന്‍മാര്‍ക്ക് കോടതി 10 വര്‍ഷത്തെ കഠിനതടവ് വിധിച്ചു. മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നതില്‍ ഏര്‍പ്പെട്ടവരാണ് ഇവരെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി ഇത്രയേറെ മയക്കുമരുന്ന് കൈവശംവെക്കുന്നത് നിരവധിപേരുടെ ജീവിതത്തെ ബാധിക്കുമെന്ന് സ്‌പെഷ്യല്‍ ജഡ്ജി സജ്ഞീവ് ജെയിന്‍ ചൂണ്ടിക്കാട്ടി.

സെയ്ഗ മറോങ്, മുഹമ്മദ് വിസെലി എന്നിവര്‍ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. മൂന്നാം പ്രതി റോയ് ആല്‍ഫോന്‍സ് ചിന്‍ഗുവിലെ ജാമ്യത്തിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. കാന്‍സര്‍ ബാധിതനാണെന്ന് പറഞ്ഞായിരുന്നു ജാമ്യം സംഘടിപ്പിച്ചത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതികള്‍ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് മജന്‍ദയുടെ വാദം കോടതി ശരിവെച്ചു. മദന്‍ഗിരിലെ വീട്ടില്‍ 2005 ഫിബ്രവരി 12ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ പിടിച്ചെടുത്ത വസ്തുക്കള്‍ കൊക്കെയ്‌നും ഹെറോയിനുമാണ് ബോധ്യമായി. മയക്കുമരുന്ന് കള്ളക്കടത്തില്‍ നൈജീരിയന്‍ പൗരന്‍മാര്‍ തുടര്‍ച്ചയായി പ്രതികളാകുന്നുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/