ബി.സി.ജി. വാക്‌സിന്‍ ലാബിന്റെ നവീകരണം അട്ടിമറിക്കാന്‍ നീക്കം

ചെന്നൈ: പൊതുമേഖലാ സ്ഥാപനമായ ബി. സ ി.ജി. വാക്‌സിന്‍ ലബോറട്ടറിയുടെ നവീകരണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നു.
രാജ്യത്തെ പ്രമുഖ പ്രതിരോധ കുത്തിവെപ്പ് മരുന്നു നിര്‍മാണ കേന്ദ്രമായ ചെന്നൈയിലെ ബി.എല്‍.ജി. ലബോറട്ടറി നവീകരിക്കുന്നതിന് നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം 2009 ജൂലായില്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
2008 ജനവരിയില്‍ ലോകാരോഗ്യ സംഘടനയുടെ ഇടപെടലിനെത്തുടര്‍ന്ന് ഇന്ത്യയില്‍ പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് നിര്‍മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സി.ആര്‍.ഐ.), കൂനൂരിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (പി.ഐ.ഐ.), ചെന്നൈയിലെ ബി.സി.ജി. വാക്‌സില്‍ ലാബ് എന്നിവ കേന്ദ്ര ആരോഗ്യമന്ത്രാലയം അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ സ്ഥാപനങ്ങള്‍ നവീകരിച്ച് വാക്‌സിന്‍ നിര്‍മാണം വീണ്ടും ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചത്.
2010 അവസാനത്തോടെ നവീകരണം പൂര്‍ത്തിയാക്കണമെന്നതായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി നവീകരണത്തിനാവശ്യമായ നടപടികള്‍ എന്തൊക്കെയാണെന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്കണമെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കിയിരുന്നു. കസൗളി(ഹിമാചല്‍പ്രദേശ്)യിലെ സി.ആര്‍.ഐ., കൂനൂരിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നവീകരണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ചെന്നൈയിലെ ബി.സി.ജി. ലാബ് നവീകരിക്കുന്നതിന് അനുയോജ്യമായ നിലയിലല്ല എന്ന നിലപാടാണ് ഈ കേന്ദ്രത്തിന്റെ നിലവിലുള്ള മേധാവികള്‍ സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു.
ബി.സി.ജി. വാക്‌സിന്‍ ലാബ് നവീകരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമില്ല എന്ന് ചൂണ്ടിക്കാട്ടി സ്ഥാപന മേധാവി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് അയച്ചതായി ബി.സി.ജി. വാക്‌സിന്‍ലാബ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ ആരോപിച്ചു.
അടച്ചുപൂട്ടുന്നതിനുമുമ്പ് ബി.സി.ജി. ലാബ് പ്രതിവര്‍ഷം എട്ടുകോടി ബി.സി.ജി. വാക്‌സിന്‍ വയലുകളാണ് നിര്‍മിച്ചിരുന്നത്. ക്ഷയരോഗത്തിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധസംവിധാനമായാണ് ബി.സി.ജി. വാക്‌സിന്‍ വിലയിരുത്തപ്പെടുന്നത്.
ലാബിന്റെ പ്രവര്‍ത്തനം നിലച്ചതിനുശേഷം പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ സിഗ്‌നല്‍ ബയോഫാര്‍മ എന്നീ കമ്പനികളില്‍നിന്നാണ് വിവിധ സംസ്ഥാനങ്ങള്‍ ബി.സി.ജി. വാക്‌സിന്‍ വാങ്ങുന്നത്.
മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാമദാസിന് ഗ്രീന്‍സിഗ്‌നല്‍ ബയോഫാര്‍മയുമായി അതിരുവിട്ട ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.
അന്‍പുമണിയുടെ ഭാര്യാസഹോദരനും കോണ്‍ഗ്രസ് എം.എല്‍.എ.യുമായ വിഷ്ണുപ്രസാദുമായി അടുത്ത ബന്ധമുള്ളയാളാണ് ജി.എസ്.ബി.പി.യുടെ മേധാവി സുന്ദര പരിപൂര്‍ണന്‍. അന്‍പുമണി കേന്ദ്ര ആരോഗ്യമന്ത്രിയായിരിക്കേ 2006-ലാണ് ജി.എസ്.ബി.പി. പ്രവര്‍ത്തനം തുടങ്ങിയത്.