ക്രൈസ്തവ-മുസ്‌ലിം സഹോദരങ്ങളെ ബി.ജെ.പി. മുഖ്യധാരയില്‍ കൊണ്ടുവരും -കെ.എസ്.ഈശ്വരപ്പ

Posted on: 09 Feb 2010



മംഗലാപുരം: തെറ്റിദ്ധാരണകള്‍ അകറ്റി ക്രൈസ്തവ-മുസ്‌ലിം സഹോദരങ്ങളെ ബി.ജെ.പി. മുഖ്യധാരയില്‍ കൊണ്ടുവരുമെന്ന് കര്‍ണാടകയുടെ പുതിയ ബി.ജെ.പി. പ്രസിഡന്റ് കെ.എസ്.ഈശ്വരപ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധികാരമേറ്റശേഷം ആദ്യമായി മംഗലാപുരത്ത് എത്തിയതായിരുന്നു ഈശ്വരപ്പ.

ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേര നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് സോമശേഖര കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് നല്‍കിയത് ശരിയായില്ലെന്ന് ഈശ്വരപ്പ പറഞ്ഞു. ജെ.ഡി.എസ്സും കോണ്‍ഗ്രസ്സും ഇടക്കാല റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള ആയുധമാക്കിത്തീര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ണാടകത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന് സമ്മതിച്ച മുന്‍ വൈദ്യുതി മന്ത്രികൂടിയായ ഈശ്വരപ്പ സംസ്ഥാനത്തിന്റെ വികസനത്തിന് കൂടുതല്‍ ഊര്‍ജ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. വ്യാവസായിക വികസനത്തിലൂടെ മാത്രമേ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവൂ. വ്യവസായങ്ങള്‍ വളരണമെങ്കില്‍ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവുകയും വേണം -ഈശ്വരപ്പ പറഞ്ഞു.

ബാംഗ്ലൂരില്‍നിന്ന് കാലത്ത് 9 മണിയോടെ ബജ്‌പെ വിമാനത്താവളത്തിലെത്തിയ സംസ്ഥാന പ്രസിഡന്റിനെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പത്മനാഭ കൊട്ടാരി, ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ, ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ മന്ത്രി കൃഷ്ണ പലെമര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം കൊടിയാല്‍ ബയലിലെ ബി.ജെ.പി.യുടെ ദക്ഷിണ കന്നഡ ജില്ലാ ആസ്ഥാനം സന്ദര്‍ശിച്ചു. കൊടിയാര്‍ ബയലില്‍നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് നേതാക്കളും പ്രവര്‍ത്തകരും പുതിയ പ്രസിഡന്റിനെ സ്വീകരണ സ്ഥലമായ ടൗണ്‍ഹാളില്‍ എത്തിച്ചത്.

സ്വീകരണ യോഗത്തില്‍ മന്ത്രിമാരായ വി.എസ്. ആചാര്യ, കൃഷ്ണ പലെമര്‍, എം.പി.നളിന്‍കുമാര്‍ കട്ടീല്‍, എം.എല്‍.എ. യോഗീഷ് ഭട്ട്, എം.എല്‍.സി. ഗണേഷ കാര്‍ണിക് സിറ്റി കോര്‍പറേഷന്‍ മേയര്‍ ശങ്കര്‍ ഭട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/