എട്ടു മാസത്തേക്ക് പുതിയ വ്യവസായങ്ങള്‍ക്ക് അനുമതിയില്ല
Posted on: 09 Feb 2010
നിരോധനം പീനിയയിലും മംഗലാപുരത്തും
ബാംഗ്ലൂര്‍: മലിനീകരണപരിധി ലംഘിച്ച് കര്‍ണാടകത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ തത്കാലം പുതിയ വ്യവസായപദ്ധതികള്‍ക്ക് പരിസ്ഥിതിവകുപ്പിന്റെ അനുമതി നല്കില്ലെന്ന് വകുപ്പുസെക്രട്ടറി കണ്‍വെര്‍പാല്‍ പറഞ്ഞു. എട്ടു മാസത്തേക്കാണ് നിരോധനം.
പീനിയ (ബാംഗ്ലൂര്‍), മംഗലാപുരം, ഭദ്രാവതി, റായ്ച്ചൂര്‍, ബിദര്‍ എന്നീ വ്യവസായമേഖലയിലാണ് നിരോധനം നടപ്പാക്കുന്നത്. രാജ്യത്ത് കൂടുതല്‍ മലിനീകരിക്കപ്പെട്ട വ്യവസായമേഖലയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 88 കേന്ദ്രങ്ങളില്‍പ്പെടുന്നതാണിവ.
ഈ മേഖലയിലെ മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ ഈ എട്ടുമാസത്തിനുള്ളില്‍ സ്വീകരിക്കും. മാലിന്യത്തിന്റെ തോത് ദേശീയശരാശരിയിലേക്ക് താഴുമ്പോഴേ ഇനി ഇവിടങ്ങളില്‍ പുതിയ വ്യവസായങ്ങള്‍ക്ക് അനുമതി നല്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മംഗലാപുരത്തും ഭദ്രാവതിയിലുമാണ് മലിനീകരണനിരക്ക് ഏറ്റവുംകൂടുതല്‍. സംസ്ഥാനത്തെ വിവിധ പട്ടണങ്ങളിലെ മലിനീകരണനിരക്ക് നിരീക്ഷിക്കാന്‍ സ്ഥിരംസംവിധാനം കൊണ്ടുവരുമെന്നും കണ്‍വര്‍ പാല്‍ വ്യക്തമാക്കി. ഇതിനായി എല്ലാ പട്ടണങ്ങളിലെയും അന്തരീക്ഷം (വായു) പരിശോധിച്ച് 'അന്തരീക്ഷ അറ്റ്‌ലസി'ന് രൂപംകൊടുക്കും. വായുവിലെ 12 മലിനീകരണഘടകങ്ങള്‍ പരിശോധിച്ച് അവയുടെ സാന്നിധ്യത്തിന്റെ അളവ് ഇതിലുള്‍പ്പെടുത്തും. ഇത് പതിവായി ചെയ്യും. പരിസ്ഥിതിമലിനീകരണം സ്ഥിരമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇത് ഉതകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ അറ്റ്‌ലസിനെ അടിസ്ഥാനമാക്കി വിവിധ വകുപ്പുകള്‍ക്ക് അവര്‍ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കാമെന്നും കണ്‍വര്‍ പാല്‍ പറഞ്ഞു.