ആകാശപാതയും എന്നൂര്‍ മണാലി റോഡ് വികസനവും രണ്ട്‌കൊല്ലത്തിനുള്ളില്‍

Posted on: 09 Feb 2010



ചെന്നൈ: എന്നൂര്‍-മണാലി റോഡ് വികസനവും ചെന്നൈ തുറമുഖം-മധുരവയല്‍ ആകാശപാതയും രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി ജി.കെ.വാസന്‍ പറഞ്ഞു.''ഈ രണ്ട് പദ്ധതികളുടേയും നിര്‍മാണ പ്രവര്‍ത്തനം സുഗമമായി പുരോഗമിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും എടുക്കണമെന്ന് ചെന്നൈ എന്നൂര്‍ തുറമുഖം അധികാരികള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്''. ചെന്നൈയില്‍ ഇതുമായിബന്ധപ്പെട്ട ഒരുയോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വാസന്‍.

എന്നൂര്‍-മണലി റോഡ് വികസന പദ്ധതിയുടെ ബജറ്റ് 150 കോടിരൂപയില്‍ നിന്ന് 600 കോടിരൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്ന് വാസന്‍ വ്യക്തമാക്കി. കൂടുതല്‍ സര്‍വീസ് റോഡുകള്‍ നിര്‍മിക്കേണ്ടതുകൊണ്ടാണ് വിഹിതം ഉയര്‍ത്തിയത്.

ഇതില്‍ ചെന്നൈ തുറമുഖം 139.80 കോടിരൂപയും എന്നൂര്‍ തുറമുഖം 34.02 കോടിരൂപയും നല്കും.19കിലോമീറ്റര്‍ ദൂരമുള്ള ആകാശപാത ചെന്നൈ തുറമുഖത്തെ മധുരവയല്‍ ദേശീയപാതയുമായി ബന്ധിപ്പിക്കും. പണി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആകാശ പാതയായിരിക്കും ഇതെന്ന് ചെന്നൈ തുറമുഖം അധികൃതര്‍ അവകാശപ്പെട്ടു. 1,600 കോടിരൂപയാണ് ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെങ്കിലും നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും ചെലവ് 2000 കോടിരൂപ കവിയുമെന്ന് തുറമുഖ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/