ദിണ്ടിഗല്‍ പാണ്ഡിക്കെതിരെ നിരവധി കേസുകള്‍
Posted on: 09 Feb 2010
ചെന്നൈ: കഴിഞ്ഞ ഇരുപത് വര്‍ഷമായി തമിഴ്‌നാടിനെ കിടിലംകൊള്ളിച്ചുകൊണ്ടിരിക്കുന്ന ദിണ്ടിഗല്‍ സ്വദേശിയായ ദിണ്ടിഗല്‍ പാണ്ഡിയുടെ പേരില്‍ തമിഴ്‌നാട്ടില്‍ മൊത്തം 70 കേസുകളും ചെന്നൈയില്‍ മാത്രം 15ഓളം കേസുകളും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
ചെന്നൈയില്‍ മലയാളിയായ ശങ്കര്‍ ദിവാകരന്‍ കൊലപാതകം ഉള്‍പ്പെടെ ഏഴ് കൊലപാതകങ്ങളില്‍ പ്രതിയാണ്. മൂന്ന് ആയുധക്കടത്ത് കേസും മൂന്ന് കൊലപാതകക്കേസുമുണ്ട്.
തമിഴ്‌നാട്ടില്‍ ആളെ തട്ടിക്കൊണ്ടുപോകല്‍, പണം തട്ടിയെടുക്കല്‍, ഭീഷണിപ്പെടുത്തി ചുരുങ്ങിയവിലയ്ക്ക് ഭൂമി തട്ടിയെടുക്കല്‍, കേസുകള്‍ പോലീസ് സ്റ്റേഷന് പുറത്ത് തീര്‍പ്പാക്കി കമ്മീഷന്‍ വാങ്ങല്‍ തുടങ്ങിയവയാണ് ദിണ്ടിഗല്‍ പാണ്ഡി നടത്തിയിരുന്നത്. ചെന്നൈ സിറ്റി പോലീസ് മാത്രമല്ല മറ്റ് ജില്ലകളിലെ പോലീസും ദിണ്ടിഗല്‍ പാണ്ഡിയെ പിടികൂടാനായി തിരച്ചില്‍ നടത്തിയിരുന്നു.
നഗരത്തില്‍ 2008 അവസാനം തമിഴ്‌നാട് മിനറല്‍സ് ലിമിറ്റഡിന്റെ മുന്‍ചെയര്‍മാന്‍ ശരവണനും ഭാര്യയും വേലക്കാരിയും കൊല്ലപ്പെട്ട കേസിലും ദിണ്ടിഗല്‍ പാണ്ഡിക്ക് സജീവപങ്കാളിത്തമുണ്ടായിരുന്നുവെന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ ദിണ്ടിഗല്‍ പാണ്ഡിയുടെ പങ്കാളിത്തം തെളിയിക്കാവുന്ന രീതിയിലുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നില്ല. ഭൂമിതട്ടിപ്പിലും കേസുകള്‍ പോലീസ്‌സ്റ്റേഷന് പുറത്തുവെച്ച് തീര്‍പ്പാക്കാനും ചില രാഷ്ട്രീയപാര്‍ട്ടികളും ദിണ്ടിഗല്‍പാണ്ഡിയുടെ സഹായം തേടാറുണ്ടായിരുന്നു.
ചെന്നൈയില്‍ ശങ്കര്‍ ദിവാകരന്‍ കൊല്ലപ്പെട്ട സംഭവത്തിനുശേഷവും ദിണ്ടിഗല്‍ പാണ്ഡി നഗരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഈറോഡ്, നാമക്കല്‍, ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ ഇയാള്‍ ചെന്നൈയിലേക്ക് തിരിച്ചെന്നാണ് പോലീസ് ഭാഷ്യം.
നഗരത്തില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കവര്‍ച്ചകളും കൊലപാതകങ്ങളും വര്‍ധിച്ചുവരികയാണെങ്കിലും കുറ്റവാളികളെ അടിച്ചമര്‍ത്തുന്നതില്‍ പോലീസിന് കാര്യമായ മുന്നേറ്റം നേടാനായില്ല. കുറ്റവാളികള്‍ക്കെതിരെയുള്ള ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് പോലീസിന്റെ ഈ നടപടി.
നഗരത്തില്‍ കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ നടന്ന പോലീസ് ഏറ്റുമുട്ടലുകളില്‍ 21-ഓളം റൗഡികള്‍ തോക്കിനിരയായിട്ടുണ്ട്. ഏറ്റവുംകൂടുതല്‍ ഏറ്റുമുട്ടല്‍ നടന്നത് കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ വെടിവച്ചുകൊന്ന മലയാളിയായ കെ. വിജയകുമാര്‍ സിറ്റി പോലീസ് കമ്മീഷണറായിരിക്കെയാണ്. 2002, 2003 വര്‍ഷങ്ങളില്‍ നഗരത്തില്‍ വിജയകുമാര്‍ കമ്മീഷണറായിരിക്കെ 10 റൗഡികളാണ് പോലീസിനോട് ഏറ്റുമുട്ടി മരിച്ചത്. ഇതില്‍ മുംബൈയിലെ ഗുണ്ടാത്തലവന്‍ സജയ് കാട്ടിയ, റൗഡി സ്റ്റാലിന്‍, തമിഴ് തീവ്രവാദികളായ രാജാറാം, ശരവണന്‍, അയോധകുപ്പം വീരമണി, വെങ്കിടേശ് പണ്ണിയാര്‍ എന്നിവരാണ് കൊല്ലപ്പെട്ട കുപ്രസിദ്ധ റൗഡികള്‍. വെങ്കിടേഷ് പണ്ണിയാര്‍ വെടിയേറ്റുമരിച്ചതുമായുള്ള വിവാദത്തില്‍ വിജയകുമാറിന്റെ കമ്മീഷണര്‍പദവി തെറിക്കുകയും സ്‌പെഷല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ തലവനായി നിയമിക്കപ്പെടുകയുമായിരുന്നു.
2005 മുതല്‍ 2008 വരെയുള്ള കാലയളവില്‍ എട്ട് ഗുണ്ടാതലവന്മാര്‍ വെടിയേറ്റുമരിച്ചു. രമേഷ്, റൗഡി മണികണ്ഠന്‍, നാഗുര്‍ മീരാന്‍, പങ്ക് കുമാര്‍, വെള്ള രവി, തൂത്തുക്കുടി ജയകുമാര്‍, ചുടലൈ മണി, ബാബ സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. 2009 ഏറ്റുമുട്ടലിന് അവധിനല്‍കിയ വര്‍ഷമായിരുന്നു.
ഏറ്റവുംകൂടുതല്‍ ഏറ്റുമുട്ടല്‍ നടന്ന 2002, 2003 വര്‍ഷങ്ങളില്‍ നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ 2009-ല്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ 15നും 20 ശതമാനത്തിനുമിടയില്‍ വര്‍ധനയുണ്ടായി.