'ഹൈമവതഭൂവില്‍' ഭാരതീയ സംസ്‌കൃതിയിലേക്ക് മനസ്സിനെ നയിക്കുന്ന കൃതി -വിഷ്ണുനാരായണന്‍ നമ്പൂതിരി
Posted on: 09 Feb 2010
തിരുവനന്തപുരം: ഭാരതീയന്റെ മനസ്സിനെ നമ്മുടെ രാജ്യത്തിന്റെ സംസ്‌കൃതിയിലേക്ക് നയിക്കുകയെന്ന പുണ്യകര്‍മ്മം അനുഷ്ഠിക്കുന്ന കൃതിയാണ് 'ഹൈമവതഭൂവില്‍'എന്ന് പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.
'മാതൃഭൂമിബുക്‌സ്' പ്രസിദ്ധീകരിച്ച എം.പി. വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍' എന്ന ഗ്രന്ഥത്തിന്റെ 21-ാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. ചന്ദ്രമതി പുസ്തകം ഏറ്റുവാങ്ങി.
''ഹിമാലയം ഇല്ലാതാകുകയും ഗംഗ വരളുകയും ചെയ്യുന്ന സ്ഥിതിയാണിപ്പോള്‍. ഗംഗയും ഹിമാലയവും അസ്തമിക്കുമ്പോള്‍ ഇന്ത്യയും അസ്തമിക്കും. ഇന്ത്യാക്കാരന്റെ മനസ്സിനെ ഹിമാലയത്തിലേക്കും ഗംഗയിലേക്കും ചാലുകീറി നയിക്കുന്നത് പുണ്യകര്‍മ്മമാണ്. ഈ പുസ്തകം ആ പുണ്യകര്‍മ്മം അനുഷ്ഠിക്കുന്നുണ്ട്''-വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞു.
''ഹിമാലയത്തെക്കുറിച്ച് എഴുതപ്പെടുന്ന പുസ്തകങ്ങളിലെല്ലാം അവിടത്തെ അത്ഭുതങ്ങള്‍ പെരുപ്പിച്ചുപറയുന്ന ദോഷമുണ്ട്. നമ്മള്‍ ജീവിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ നിഗൂഢത എന്നതും ഈ ഗ്രന്ഥം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
'കര്‍ണപ്രയാഗി'ല്‍ എട്ടുതവണ പോയിട്ടും അറിയാതിരുന്ന പലതും എനിക്ക് ഈ പുസ്തകം വായിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ഹിമാലയത്തെ വാക്കുകളില്‍ സൃഷ്ടിക്കുകയെന്നത് ചെറിയ കാര്യമല്ലെന്ന് ഹിമാലയം സന്ദര്‍ശിച്ചവര്‍ക്കെല്ലാം അറിയാം. ആ കാര്യമാണ് എം.പി. വീരേന്ദ്രകുമാര്‍ നിര്‍വഹിച്ചത്''. നമ്മുടെ രാഷ്ട്രം ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായി ഈ പുസ്തകത്തെ കാണാമെന്നും വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞു.
ആദ്യന്തം കാവ്യാത്മകമാണെങ്കിലും വ്യവസ്ഥാപിതമായി കവിത, നോവല്‍, കഥാസമാഹാരം എന്നീ ഗണങ്ങളില്‍ ഉള്‍പ്പെടാത്ത ഒരു കൃതിയായ 'ഹൈമവതഭൂവില്‍' ഇത്രയധികംപേര്‍ വാങ്ങി വായിച്ചുവെന്നത് അഭിമാനകരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. എം.പി. വീരേന്ദ്രകുമാറിന്റെ അറിവിന്റെ ആഴവും പരപ്പും അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിവുറ്റ ഒരു കഥാകാരനാണ് താനെന്ന് ഈ പുസ്തകത്തിലൂടെ എം.പി. വീരേന്ദ്രകുമാര്‍ തെളിയിച്ചതായി 21-ാംപതിപ്പ് ഏറ്റുവാങ്ങിയ പ്രൊഫ. ചന്ദ്രമതി പറഞ്ഞു. ഗ്രന്ഥകാരന്റെ ശാസ്ത്രീയമായ കാഴ്ചപ്പാട്, മാനവികത, ധര്‍മ്മബോധം, നര്‍മ്മബോധം എന്നിവയെല്ലാം ഈ 'ഹൈമവതഭൂവില്‍' എന്ന കൃതിയില്‍ അനുഭവവേദ്യമാണെന്ന് ആശംസ നേര്‍ന്ന പ്രൊഫ. ജി.എന്‍. പണിക്കര്‍ പറഞ്ഞു.
വര്‍ത്തമാനകാലത്തിന്റെ ഒരുനിമിഷത്തില്‍ നിന്നുകൊണ്ട് നമ്മുടെ പുരാതനമായ സംസ്‌കാരം, പൈതൃകം, ചരിത്രം എന്നിവയിലേക്ക് ഗ്രന്ഥകാരന്‍ നടത്തുന്ന ആത്മസഞ്ചാരമാണ് ഈ കൃതിയെന്ന് ആശംസ നേര്‍ന്ന പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. യാത്രാദേവതയുടെ അനുഗ്രഹം 'ഹൈമവതഭൂവി'ലെ ഓരോ താളിലും കാണാമെന്ന് അദ്ദേഹം പറഞ്ഞു.
ഹിമാലയത്തെക്കുറിച്ചുള്ള സകല അറിവുകളും സ്വാംശീകരിക്കുന്ന കൃതിയാണ് 'ഹൈമവതഭൂവി'ലെന്ന് 'ഹൈമവതഭൂവിലി'ന്റെ തമിഴ്പതിപ്പായ 'വെള്ളിപ്പനിമലയിന്‍മീതു' വിന്റെ ആസ്വാദനപ്രസംഗം നടത്തിയ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ നീലപദ്മനാഭന്‍ പറഞ്ഞു.
ഇന്ത്യയെയും ഇന്ത്യക്കാരെയും പരസ്പരം യോജിപ്പിക്കുന്ന ശക്തി നമ്മുടെ സംസ്‌കൃതിയുടെ ശക്തിയാണെന്ന് എം.പി.വീരേന്ദ്രകുമാര്‍ മറുപടിപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഒരു യാത്രയ്ക്കിടയില്‍ ഏതുസ്ഥലത്തെ എത്ര ചെറിയവരോട് സംസാരിച്ചാലും അവര്‍ക്ക് 'ഒരു കാര്യ'മെങ്കിലും നമ്മോട് പറയാനുണ്ടാകും. ആ 'ഒരു കാര്യം' നമ്മള്‍ പഠിക്കുമ്പോള്‍ ഒരു വലിയ ലോകമാണ് നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുകയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
'മാതൃഭൂമി' റീജണല്‍ മാനേജര്‍ എന്‍.എസ്. വിനോദ്കുമാര്‍ സ്വാഗതവും 'മാതൃഭൂമി ബുക്‌സ്' മാനേജര്‍ നൗഷാദ് നന്ദിയും പറഞ്ഞു.
മാതൃഭൂമി ബുക്‌സ് പുസ്തകോത്സവത്തോടനുബന്ധിച്ച് 'ഹൈമവതഭൂവില്‍' 21-ാം പതിപ്പിന്റെ പ്രകാശനം പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി, പ്രൊഫ. ചന്ദ്രമതിക്ക് നല്‍കി നിര്‍വഹിക്കുന്നു. പെരുമ്പടവം ശ്രീധരന്‍, പ്രൊഫ. ജി.എന്‍. പണിക്കര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, നീലപദ്മനാഭന്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, റീജണല്‍ മാനേജര്‍ എന്‍.എസ്. വിനോദ്കുമാര്‍ എന്നിവര്‍ സമീപം