പവാര്‍ താക്കറയെ കണ്ടത് കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങളെ ചെറുക്കാന്‍

Posted on: 09 Feb 2010




മുംബൈ: വിലക്കയറ്റത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലാക്കിയതിനെതിരെ ബദല്‍ തന്ത്രമെന്നനിലയിലാണ് ശരദ്പവാര്‍ ബാല്‍ താക്കറെയുമായി കൂടികകാഴ്ച നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.

ഐ.പി.എല്‍. ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ വേണ്ടിയാണ് ബാല്‍താക്കറെയെ കണ്ടതെന്നാണ് ശരദ്പവാര്‍ പറഞ്ഞത്. എന്നാല്‍, ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ഇതിലുപരി ചിലതുണ്ടെന്നാണ് വിലയിരുത്തല്‍.

വിലക്കയറ്റത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൃഷിമന്ത്രി സ്ഥാനം പവാര്‍ ഒഴിയണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉയര്‍ന്നിരുന്നു. ഈ നീക്കത്തെ ചെറുക്കാന്‍ പവാര്‍ തന്റെ പഴയ കൂട്ടുകാരനായ ബാല്‍താക്കറെയെ ഒരിക്കല്‍കൂടി കൂട്ടുപിടിച്ചതാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.മഹാരാഷ്ട്രയില്‍ ശിവസേനയുടെ പിന്തുണയോടെ എന്‍.സി.പി.ക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാനാവുമെന്ന സന്ദേശം കൂടിക്കാഴ്ചയിലൂടെ പവാര്‍ കോണ്‍ഗ്രസ്സിന് നല്‍കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

നേരത്തെ സംസ്ഥാന മന്ത്രിസഭ രൂപവത്കരണത്തിലും പ്രാധാന്യമുള്ള വകുപ്പുകള്‍ക്കുവേണ്ടി സമ്മര്‍ദതന്ത്രമെന്നനിലയില്‍ പവാര്‍ ശിവസേനയെ കൂട്ടുപിടിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ ഒരു മന്ത്രിസഭാ മാറ്റം കോണ്‍ഗ്രസ് ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്ന് എന്‍.സി.പി. നേതൃത്വത്തിനറിയാം. ലോക്‌സഭയുടെ ബജറ്റ് സമ്മേളനകാലത്ത് സംസ്ഥാനത്തിലും കേന്ദ്രത്തിലും അസ്ഥിരത കോണ്‍ഗ്രസ് ഇഷ്ടപ്പെടുന്നില്ല. പവാര്‍ അങ്ങനെ ഒരിക്കല്‍കൂടി കോണ്‍ഗ്രസ്സിന്റെ തന്ത്രത്തെ അതിജീവിച്ചിരിക്കുകയാണെന്നും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/