പഴയ പടക്കുതിരകള്‍ വീണ്ടുമെത്തുന്നു

Posted on: 09 Feb 2010



മുംബൈ: ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മിന്നുന്ന താരങ്ങളായിരുന്ന കേരള താരങ്ങള്‍ വീണ്ടും മുംബൈയില്‍ എത്തുന്നു. കര്‍ണാടക സ്‌പോര്‍ട്‌സ് അസോസിയേഷന്‍ നടത്തുന്ന വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബൂട്ടണിയാനാണ് സി.വി. പാപ്പച്ചന്‍, കെ.ടി. ചാക്കോ, ഷറഫലി, ജിജു ജേക്കബ്, ജാബിര്‍ എന്നിവരടങ്ങുന്ന താരനിര എത്തുന്നത്.

ഫിബ്രവരി 12ന് മുംബൈയിലെത്തുന്ന കേരള ടീമിന്റെ ആദ്യമത്സരം 14ന് ആണ്.

സോളി സേവ്യര്‍, സലീം, സുരേന്ദ്രന്‍, അഷ്‌റഫ്, യാദവ്, റഫീഖ് ഹസ്സന്‍, ഹര്‍ഷന്‍, ജയ്‌സണ്‍ തുടങ്ങിയവരാണ് ടീമിലെ മറ്റംഗങ്ങള്‍. ഇതാദ്യമായല്ല കേരള വെറ്ററന്‍സ് ടീം മുംബൈയിലെത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇതേ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീം കാണികളുടെ ആരവവും ആരാധനയും നെഞ്ചേറ്റിയാണ് മടങ്ങിയത്. ഫൈനലില്‍ തോറ്റെങ്കിലും താന്‍ ബാറിന് കീഴില്‍ ഇപ്പോഴും ചെറുപ്പമാണെന്ന് കെ.ടി. ചാക്കോ തെളിയിച്ചിരുന്നു. മറ്റുള്ളവരും ഒട്ടും പിറകിലായിരുന്നില്ല. ഇത്തവണ രണ്ടും കല്പിച്ചാണ് തങ്ങളുടെ വരവെന്നും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കരുത്തു നേടിയിട്ടുണ്ടെന്നും ടീമംഗമായ സലിം പറഞ്ഞു. എന്നാല്‍, കേരളത്തിന് ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരിക ഗോവയിലും കൊല്‍ക്കത്തയിലും നിന്നു വരുന്ന ടീമുകളില്‍ നിന്നാവും. ഒട്ടേറെ അന്താരാഷ്ട്ര താരങ്ങളെ ഇരു ടീമുകളും അണിനിരത്തുന്നുണ്ട്. ഇവരെക്കൂടാതെ മുംബൈയിലെ പ്രബല ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/