പുതിയ 'പേരി നയം' ഇന്ന് പാസ്സാക്കും; ഒട്ടേറെ കച്ചവടക്കാര്‍ 'തെരുവി'ലാകും

Posted on: 09 Feb 2010



മുംബൈ: നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്കായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പുതിയ നയം ചൊവ്വാഴ്ച പാസ്സാക്കിയേക്കും. എന്നാല്‍ ഈ നയം നടപ്പിലാക്കുന്നതോടെ മുംബൈ തെരുവില്‍ കച്ചവടം ചെയ്തു ജീവിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും ഉപജീവനത്തിന് 'ഇട'മില്ലാതാകും.

നാലുലക്ഷത്തിലധികം പേരി കച്ചവടക്കാരാണ് നഗരത്തില്‍ ഉള്ളത്. എന്നാല്‍ കോര്‍പ്പറേഷന്റെ കണക്കില്‍ ലൈസന്‍സുള്ളവര്‍ 22,097 പേര്‍ മാത്രം. നയം നടപ്പിലാക്കുന്നതോടെ ബാക്കിയുള്ള മുഴുവന്‍ കച്ചവടക്കാരും അനധികൃതര്‍ ആവും. ഇതോടെ ഇവര്‍ക്കെതിരെ നടപടികളും ആരംഭിക്കും.

കേന്ദ്രസര്‍ക്കാറിന്റെ 'വഴിവാണിഭ കച്ചവടനയ'ത്തിന്റെ ചുവട്പിടിച്ച് ഓരോ സംസ്ഥാനത്തും പ്രത്യേക പദ്ധതിയില്‍ കച്ചവടക്കാര്‍ക്കായി തയ്യാറാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും 'നയം' രൂപവത്കരിച്ചത്. മറ്റുള്ളവര്‍ക്ക് അസൗകര്യമില്ലാത്ത വിധത്തില്‍ കച്ചവടക്കാര്‍ക്ക് ഉപജീവനം നടത്താന്‍ ഉതകുന്ന രീതിയില്‍ സൗകര്യമുണ്ടാകുക എന്നതാണ് കേന്ദ്രനയത്തിന്റെ കേന്ദ്രബിന്ദു. ഇന്‍ഷുറന്‍സ് പോലുള്ള സൗകര്യങ്ങള്‍ പോലും ഇവര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അതില്‍ പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വഴിവാണിഭക്കാര്‍ ഉള്ള നഗരമായ മുംബൈയില്‍ മുനിസിപ്പാലിറ്റി എന്നും ഇവര്‍ക്കെതിരെയുള്ള നടപടികളാണ് സ്വീകരിച്ചുവന്നത്. പുതിയ നയത്തിലും വ്യത്യസ്തമായി ഒന്നും കാണാനില്ലെന്നാണ് കച്ചവടക്കാരുടെ യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നത്.

22,097 കച്ചവടക്കാര്‍ക്ക് നഗരത്തിലെ 250 റോഡുകളില്‍ ഇടം നല്കാനാണ് കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നത്. നഗരത്തിലെ റോഡുകളെ ഹോക്കിങ്, നോണ്‍ ഹോക്കിങ് സോണുകളായി ഇതിനുവേണ്ടി തിരിച്ചുകഴിഞ്ഞു. ഹോക്കിങ് സോണുകളായി കണ്ടെത്തിയ 250 റോഡുകളില്‍ ഇവരെ ഇരുത്താനാണ് പരിപാടി. എന്നാല്‍ ആള്‍സഞ്ചാരമില്ലാത്ത റോഡുകളാണ് ഇതില്‍ മിക്കതുമെന്ന പരാതി കച്ചവടക്കാര്‍ നേരത്തെ തന്നെ ഉന്നയിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ എവിടെ വന്നും സാധനങ്ങള്‍ വാങ്ങിക്കുമെന്നാണ് ഇതിന് അധികാരികളുടെ മറുപടി.
പേരി കച്ചവടക്കാര്‍ക്കായി മുമ്പ് ദാദറില്‍ മുനിസിപ്പാലിറ്റി ഏഴുനില കെട്ടിടം പണിതെങ്കിലും ആരും ഇതിലേക്കു പോകാന്‍ തയ്യാറാകാതിരുന്ന ചരിത്രം അധികാരികളുടെ മുമ്പിലുണ്ട്. ചുരുക്കത്തില്‍ പുതിയ നയം കച്ചവടക്കാര്‍ക്കുവേണ്ടിയുള്ളതല്ലെന്നും അധികാരികള്‍ക്കു വേണ്ടിയുള്ളതാണെന്നുമാണ് ചില ഹോക്കേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

''അധികാരികള്‍ അനുവദിച്ച റോഡുകളിലേക്ക് ലൈസന്‍സുള്ള 22,097ല്‍ നല്ലൊരു ശതമാനം പോകില്ലെന്ന് ഉറപ്പാണ്. നാലുലക്ഷത്തിലധികമുള്ള കച്ചവടക്കാര്‍ ഈ ഒരു നയം വന്നതിന്റെ പേരില്‍ മാത്രം കച്ചവടം നിര്‍ത്താനും പോകുന്നില്ല. മുനിസിപ്പല്‍ അധികാരികള്‍ക്കാവട്ടെ അനധികൃത കച്ചവടക്കാര്‍ നഗരത്തില്‍ വേണം താനും. അവരുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് പേരി കച്ചവടക്കാരില്‍ നിന്നാണ് ലഭിക്കുന്നത്. എല്ലാം നിയമാനുസൃതമായി കഴിഞ്ഞാല്‍ പിന്നെ ആര് കൈക്കൂലി നല്കും? നയം ഒരു വഴിക്ക് പോകും. കച്ചവടം മറ്റൊരു വഴിക്കും. -നഗരത്തിലെ ഒരു പ്രമുഖ ഹോക്കേഴ്‌സ് സംഘടനാംഗം ചൂണ്ടിക്കാട്ടി.

നഗരത്തിലെ പേരിക്കച്ചവടക്കാരില്‍ ഒരു ചെറിയ ശതമാനം മലയാളികളും ഉണ്ട്. ഡി.എന്‍. റോഡ്, കൊളാബ പോലുള്ള ഇടങ്ങളില്‍ മുമ്പ് ബഹുഭൂരിപക്ഷവും മലയാളി കച്ചവടക്കാരായിരുന്നെങ്കിലും അധികാരികളുടേയും പോലീസിന്‍േറയും നിരന്തരമായ പീഡനം മൂലം പലരും മറ്റു ജീവിതമാര്‍ഗങ്ങള്‍ തേടി.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/