ഭൂമി കൈയേറിയത് സി.പി.എമ്മിന്റെ രാഷ്ട്രീയഗതികേടുമൂലം - ഡോ. വര്‍ഗീസ് ജോര്‍ജ്
Posted on: 09 Feb 2010
കോഴിക്കോട്: വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജനതാദള്‍ (സെക്കുലര്‍) നേതാവുമായ ജോര്‍ജ് പോത്തന്റെ ഉടമസ്ഥതയിലുള്ള ഭൂമി സി.പി,എം. കൈയേറിയത് രാഷ്ട്രീയഗതികേടുമൂലമാണെന്ന് ജനതാദള്‍ (എസ്) സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. വര്‍ഗീസ് ജോര്‍ജ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
കാഡ്ബറീസ് കമ്പനിയില്‍നിന്ന് അദ്ദേഹം പത്തുകൊല്ലംമുമ്പ് വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ സി.പി.എം. അവകാശമുന്നയിച്ച് കൈയേറുന്നത് നിയമത്തോടുള്ള വെല്ലുവിളിയാണ്. പോലീസ് നടത്തുന്ന അറസ്റ്റുനാടകം അവസാനിപ്പിച്ച് പ്രസ്തുതഭൂമി കൈയേറിയ മുഴുവന്‍ ആളുകളെയും ഉടന്‍ ഒഴിപ്പിക്കണം. ആദിവാസികളെ മുന്നില്‍നിര്‍ത്തി സി.പി.എം. നടത്തുന്ന കൈയേറ്റം അവരുടെ ഭീരുത്വവും കാപട്യവുമാണ് വെളിപ്പെടുത്തുന്നത്. ടാറ്റയുടെ മുന്നില്‍ തോറ്റുകൊടുത്തവര്‍ പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരുടെ ഭൂമി കൈയേറി വിജയം ആഘോഷിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.