സര്‍ക്കാര്‍ ഭൂമി ആരു കൈയേറിയാലും ഒഴിപ്പിക്കും - മന്ത്രി രാജേന്ദ്രന്‍
Posted on: 09 Feb 2010
കല്പറ്റ: സര്‍ക്കാര്‍ ഭൂമി ആരു കൈയേറിയാലും ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. മുട്ടിലില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈയേറ്റം ഒഴിപ്പിച്ചെടുക്കുന്ന ഭൂമി സംസ്ഥാന ഭൂബാങ്കില്‍ മുതല്‍ക്കൂട്ടും. സര്‍ക്കാറിന്റെ വിവിധ ആവശ്യത്തിനും ഭൂരഹിതര്‍ക്കു വിതരണം ചെയ്യാനും ഈ ഭൂമി ഉപയോഗിക്കും - അദ്ദേഹം പറഞ്ഞു.
1957ലെ ഭൂസംരക്ഷണ നിയമത്തില്‍ പിഴവുകളുള്ളതിനാല്‍ അതു ഭേദഗതി ചെയ്തു. ഭൂമി കൈയേറിയാല്‍ പിഴ മാത്രമായിരുന്നു നേരത്തേ ശിക്ഷ. സര്‍ക്കാര്‍ഭൂമി സംഘടിതമായി കൈയേറുന്നതിനും വ്യാജരേഖ ചമച്ച് അന്യാധീനപ്പെടുത്തുന്നതിനും ഇതു വഴിയൊരുക്കി. ഇപ്പോള്‍ ഭൂമി കൈയേറ്റത്തിനു കൂട്ടുനില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ തടവുംപിഴയും വിധിക്കുന്ന തരത്തിലുള്ള നിയമഭേദഗതിയാണ് നിലവില്‍ വന്നിരിക്കുന്നത്. വയനാട്ടില്‍ ഉള്‍പ്പെടെ റവന്യൂ ഭൂമി പതിച്ചുനല്കുന്നതിന് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു. ഇവയില്‍ നിയമാനുസൃത നടപടി സ്വീകരിക്കും.
വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി നല്കുന്നതിനുള്ള ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തില്‍ ഭൂമി വിതരണത്തിന് നടപടി ത്വരപ്പെടുത്തും. സമയബന്ധിതമായി ഭൂമി വിതരണം പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.