ഖാദി, കൈത്തറി ഉത്‌പാദനം കൂടി -മന്ത്രി രാജേന്ദ്രന്‍

Posted on: 09 Feb 2010



കല്പറ്റ: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആഴ്ചയില്‍ ഒരു ദിവസം ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഇവയുടെ ഉത്പാദനം വര്‍ധിപ്പിക്കാനിടയാക്കിയെന്ന് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. മുട്ടിലില്‍ കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിനുകീഴിലുള്ള അക്ഷയ അപ്പാരല്‍ ട്രെയിനിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖാദി-കൈത്തറി വസ്ത്രം ധരിക്കണമെന്ന ചിന്ത ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം സഹായിച്ചു. സ്വാതന്ത്ര്യസമരചരിത്രം അനുസ്മരിക്കുന്നതിനും സ്വാഭിമാന ബോധമുണര്‍ത്തുന്നതിനുമുള്ള സന്ദേശംകൂടിയാണ് ഖാദി ധരിക്കല്‍. എന്നാല്‍, ഖാദിക്കും കൈത്തറിക്കും പ്രചാരം കൂടിയപ്പോള്‍ ടെക്‌സ്റ്റൈല്‍ വ്യവസായം സംസ്ഥാനത്ത് പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി പറഞ്ഞു.

എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. തുണി വ്യവസായരംഗത്ത് കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ പത്തുലക്ഷം പേര്‍ക്കുവരെ തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുലക്ഷം തയ്യല്‍ തൊഴിലാളികള്‍ കേരളത്തിലുണ്ട്. ഇവര്‍ക്ക് തൊഴിലില്ലെന്ന പരാതി പരിഹരിക്കാനും പുതിയ സംരംഭങ്ങള്‍ വഴി കഴിയുമെന്നും എം.എല്‍.എ. പറഞ്ഞു.

കളക്ടര്‍ ടി. ഭാസ്‌കരന്‍, എ.ഡി.എം. കെ. വിജയന്‍, ഡെ. കളക്ടര്‍ എന്‍. പ്രശാന്ത്, എം.വി. സാഗര്‍, ഐ.എല്‍. ആന്‍ഡ് എഫ്.എസ്. പ്രതിനിധി ആനന്ദന്‍ രാമസ്വാമി, എന്‍.എം. സരസ്വതി എന്നിവര്‍ സംസാരിച്ചു.

കേന്ദ്ര ഗ്രാമവികസനമന്ത്രാലയം ഐ.എല്‍. ആന്‍ഡ് എഫ്.എസ്. എന്ന ഏജന്‍സിയുടെ സഹായത്തോടെ രാജ്യത്ത് നടപ്പാക്കുന്ന തൊഴില്‍പരിശീലന, തൊഴില്‍ദായക സംരംഭത്തിന്റെ കേരളത്തിലെ ആദ്യകേന്ദ്രമാണ് മുട്ടിലില്‍ തുടങ്ങിയത്. 50 തയ്യല്‍ യന്ത്രങ്ങളുള്ള യൂണിറ്റില്‍ ആദ്യഘട്ടത്തില്‍ നൂറുപേര്‍ക്ക് പരിശീലനം നല്‍കും. ഒരു മാസത്തെ പരിശീലനത്തിനുശേഷം ഇവര്‍ക്ക് തിരുവനന്തപുരത്ത് ജോലി നല്‍കും. വയനാട്ടില്‍ ഫാക്ടറി തുടങ്ങുമ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇവിടെത്തന്നെ ജോലി നല്‍കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/