
ഇസ്‌ലാമാബാദ്: സമഗ്ര സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയ ഇന്ത്യ ചര്‍ച്ചകളിലേക്ക് മടങ്ങിവരാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നെന്നും പാകിസ്താന്‍ ഇന്ത്യയ്ക്ക് മുമ്പില്‍ മുട്ടുമടക്കിയിട്ടില്ലെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു.
ഉഭയകക്ഷി സെക്രട്ടറി തല ചര്‍ച്ചയ്ക്ക് ഇന്ത്യ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ് ഖുറേഷിയുടെ പ്രതികരണം. ഈ മാസം 18 നോ 25 നോ ചര്‍ച്ചയാവാമെന്നാണ് ഇന്ത്യ പാകിസ്താനെ അറിയിച്ചത്. പാകിസ്താന്റെ ഉറച്ച നിലപാടുമൂലമാണ് ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറായതെന്നും ഖുറേഷി പറഞ്ഞു.
കശ്മീര്‍ പ്രശ്‌നം, നദീജല തര്‍ക്കം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ പരിഗണിക്കപ്പെടണമെന്നതിനാല്‍ പാകിസ്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് സമഗ്ര സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത്. ഉഭയകക്ഷി ചര്‍ച്ച തുടരണമെന്ന പാകിസ്താന്റെ ആവശ്യത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞയാഴ്ച വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പാക് വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറിനെ ടെലിഫോണില്‍ വിളിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.
മുഷറഫിന്റെ കാലത്ത് കശ്മീര്‍ പ്രശ്‌നം പിന്‍വാതില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന ഘട്ടമെത്തിയിരുന്നതായുള്ള അവകാശവാദങ്ങള്‍ ഖുറേഷി നിഷേധിച്ചു. ഇതിന് തെളിവായി ഒരു രേഖയും തങ്ങളുടെ വിദേശകാര്യ ഓഫീസിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മെഹമൂദ് കസൂരിയാണ് കശ്മീര്‍ പ്രശ്‌നം പരിഹാരത്തിനടുത്തെത്തിയതായി വെളിപ്പെടുത്തിയത്. മുഷറഫും ഈ അവകാശവാദത്തിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.