'ഉള്‍ഫ'യ്ക്ക് ആയുധം: ഖാലിദയുടെ മകനും പങ്കെന്ന് വെളിപ്പെടുത്തല്‍
Posted on: 09 Feb 2010
ധാക്ക: ഇന്ത്യയിലെ 'ഉള്‍ഫ' തീവ്രവാദികള്‍ക്കുവേണ്ടി ആയുധം കടത്താന്‍ ശ്രമിച്ചകേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരീഖ് റഹ്മാന് പങ്കുണ്ടെന്ന് കേസിലെ മുഖ്യപ്രതി വെളിപ്പെടുത്തി. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കടത്ത് കേസിലെ മുഖ്യപ്രതി ഹിഫിസുര്‍ റഹ്മാനാണ് മജിസ്‌ട്രേട്ടിന്മുന്നില്‍ മൊഴിനല്‍കിയത്.
ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ബി.എസ്.എസ്. ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബി.എന്‍.പി.)യുടെ സീനിയര്‍ വൈസ്‌ചെയര്‍മാന്‍ കൂടിയായ താരീഖ് ഒട്ടേറെ അഴിമതി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ബി.എന്‍.പി.യുടെ ആസ്ഥാനമായ ഹവാ ഭബാനില്‍ 2004 ഏപ്രില്‍ ഒന്നിന് 'ഉള്‍ഫ' നേതാവ് പരേഖ് ബറുവ താരീഖിനെ കാണാന്‍ പോയപ്പോള്‍ താനും ഒപ്പമുണ്ടായിരുന്നുവെന്നാണ് ഹഫിസുര്‍ റഹ്മാന്റെ മൊഴി. തന്നെ വാതില്‍ക്കല്‍ നിര്‍ത്തി ബറുവ അകത്ത് താരീഖുമായി സംസാരിച്ചെന്ന് 43 പേജുള്ള മൊഴിയില്‍ ഹഫിസുര്‍ വെളിപ്പെടുത്തുന്നു.
താരീഖിനു പുറമേ സിയയുടെ പാര്‍ട്ടിയിലെയും ഭരണ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളിലെയും നേതാക്കളും രഹസ്യാന്വേഷണ-ഭരണതലത്തിലെ ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ക്ക് ആയുധക്കടത്തുമായി ബന്ധമുണ്ടെന്ന് ഹഫിസുര്‍ ആരോപിക്കുന്നു.
രണ്ടുവര്‍ഷം മുമ്പ് പുനരന്വേഷണം തുടങ്ങിയ ആയുധക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവാണ് മൂന്നുദിവസത്തെ ചോദ്യംചെയ്യല്‍ വഴി ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുഹമ്മദ് മൊനിറുസമാന്‍ പറഞ്ഞു.
ബംഗ്ലാദേശിന്റെ തെക്ക് കിഴക്കന്‍ തുറമുഖ നഗരംവഴി പത്തു ട്രക്കുകളിലായി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ആയുധശേഖരം യാദൃച്ഛികമായാണ് പിടികൂടാനായത്. ഏറെക്കാലം കേസ് പൊടിപിടിച്ചുകിടന്നെങ്കിലും രണ്ട് വര്‍ഷം മുമ്പ് ഇടക്കാല പട്ടാള ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് മുന്‍ സൈനിക ജനറല്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പ്രമുഖര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒട്ടേറെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു.
പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് തടവില്‍ കഴിയുന്ന ഉള്‍ഫ നേതാവ് അനൂപ് ചേട്ട്യയുമായി കൂടിക്കാഴ്ചയ്ക്ക് ഖാലിദ സര്‍ക്കാര്‍ അവകരമൊരുക്കിയെന്ന പ്രാദേശിക ഭരണമന്ത്രി സയിദ് അഷ്രഫുള്‍ ഇസ്‌ലാമിന്റെ ആരോപണം കോളിളക്കമുണ്ടാക്കിയിരുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam