പവാറിന്റെ ശിവസേനാകാര്‍ഡ് കോണ്‍ഗ്രസ് അവഗണിക്കുന്നു

Posted on: 09 Feb 2010


പ്രവീണ്‍കൃഷ്ണന്‍



ന്യൂഡല്‍ഹി: ശിവസേനാ നേതാവ് ബാല്‍താക്കറെയെ സന്ദര്‍ശിച്ച കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിന്റെ രാഷ്ട്രീയതന്ത്രത്തിന് കോണ്‍ഗ്രസ് മറുതന്ത്രം പയറ്റുന്നു. താക്കറെയുമായുള്ള പവാറിന്റെ കൂടിക്കാഴ്ച കോണ്‍ഗ്രസ്സിനു വ്യക്തമായ രാഷ്ട്രീയ സന്ദേശങ്ങള്‍ നല്‍കാന്‍ ഉദ്ദേശിച്ചാണെന്ന് പാര്‍ട്ടി മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ ഇതിനെ തീര്‍ത്തും അവഗണിച്ചുകൊണ്ട് വിലപേശല്‍ തന്ത്രങ്ങള്‍ വിലപ്പോവില്ല എന്ന സന്ദേശമാണ് കോണ്‍ഗ്രസ് തിരിച്ചുനല്‍കുന്നത്.

വിലക്കയറ്റത്തിന്റെ പേരില്‍ പവാര്‍ രൂക്ഷമായ വിമര്‍ശനം നേരിടുകയാണ്. കേന്ദ്രമന്ത്രിസഭയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലും പവാറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊതുവിതരണ വകുപ്പ് കൃഷിമന്ത്രാലയത്തില്‍നിന്ന് എടുത്തുമാറ്റാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പവാര്‍ താക്കറെയെ സന്ദര്‍ശിച്ചത്. ഐ.പി.എല്‍. മത്സരങ്ങള്‍ സമാധാനപരമായി നടത്തുക എന്ന ഉദ്ദേശ്യമാണ്. താക്കറെയെ സന്ദര്‍ശിച്ചതിനു പിന്നിലെന്നാണ് പറയുന്നതെങ്കിലും ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജന്‍ഡയുള്ളതായി കോണ്‍ഗ്രസ്സിന് അറിയാം. മഹാരാഷ്ട്രയില്‍ എന്‍.സി.പി.യുമായി ചേര്‍ന്ന് ഭരണം പങ്കിടുകയാണ് കോണ്‍ഗ്രസ്. കേന്ദ്രത്തില്‍ തന്റെ പ്രാമാണ്യം കുറയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചാല്‍ മഹാരാഷ്ട്രയില്‍ തനിക്ക് ബദല്‍ മാര്‍ഗങ്ങളുണ്ടെന്ന് കാണിക്കാനാണ് പവാര്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസിന് അറിയാം. മുമ്പ് കോണ്‍ഗ്രസ്സുമായുള്ള ബന്ധം മോശമായപ്പോഴെല്ലാം പവാര്‍ ശിവസേന കാര്‍ഡ് ഇറക്കിയിരുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഓര്‍മിപ്പിച്ചു.

പവാറും താക്കറെയും തമ്മില്‍ പതിറ്റാണ്ടുകളായി വ്യക്തിബന്ധമുണ്ട്. 90കളുടെ തുടക്കത്തില്‍ പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ രാജീവ്ഗാന്ധി ശ്രമിച്ചപ്പോള്‍ പവാറിനെ അനുകൂലിച്ചു താക്കറെ ലേഖനം എഴുതിയ കാര്യം കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പവാറിന്റെ ശിവസേനാകാര്‍ഡ് വെറും ഒലപ്പാമ്പാണെന്നും പവാറിന് കോണ്‍ഗ്രസ് സഖ്യത്തില്‍ തുടരുകയല്ലാതെ മറ്റു പോംവഴി ഇല്ലെന്നും അവര്‍ സൂചിപ്പിച്ചു. എന്നാല്‍ വ്യക്തിപരമായ ഇത്തരം സന്ദര്‍ശനങ്ങളെപ്പറ്റി മറുപടി പറയേണ്ടത് പവാര്‍തന്നെയാണെന്നും കോണ്‍ഗ്രസ്സിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നുമാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/