ഷാരൂഖ് ഖാനെ പിന്തുടര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദനം

Posted on: 09 Feb 2010



ബാംഗ്ലൂര്‍: ഐ.പി.എല്‍. വിവാദത്തില്‍പ്പെട്ടിരിക്കുന്ന സൂപ്പര്‍നടന്‍ ഷാരൂഖ് ഖാന്‍ മാധ്യമപ്രവര്‍ത്തകരെ കാണാതെ ഒളിച്ചുകടന്നു. കിങ് ഖാനെ കാണാന്‍ വേദിയിലേക്കു കടക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചു.

തിങ്കളാഴ്ച ബാംഗ്ലൂര്‍ കോറമംഗലയിലാണ് സംഭവം. ഒരു സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂള്‍ സംഘടിപ്പിച്ച ക്വിസ്മത്സരത്തില്‍ ക്വിസ് മാസ്റ്ററാകാനാണ് ബോളിവുഡ് താരം എത്തിയത്.

ഉച്ചകഴിഞ്ഞ് 3.30-ഓടെ ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യവിമാനത്തില്‍ മുംബൈയില്‍നിന്ന് ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷാരൂഖ് ഖാനെ മാധ്യമപ്പട കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഐ.പി.എല്‍. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍താരത്തിന്റെ അഭിപ്രായം ചോദിക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നത്. എന്നാല്‍, പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍പ്പെടാതെ പരിപാടി നടക്കുന്ന കോറമംഗലയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് കാര്‍മാര്‍ഗം പോയി. പിന്നാലെ പാഞ്ഞ മാധ്യമപ്രവര്‍ത്തകരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മുന്നില്‍ പോലീസ് തടയുകയായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് സ്റ്റേഡിയത്തിന്റെ പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്. ഷാരൂഖ് ഖാനെ കണ്ട് വാര്‍ത്ത ശേഖരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പോലീസ് തള്ളിമാറ്റുകയും മര്‍ദിക്കുകയുമായിരുന്നു.

തുടര്‍ന്ന് പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കോറമംഗല പോലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി വി.എസ്. ആചാര്യ ഉറപ്പുകൊടുത്ത ശേഷമാണ് ധര്‍ണ അവസാനിപ്പിച്ചത്.

തങ്ങളെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരിക്ക് പരാതി നല്കുന്നുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/