മലബാറിനെ ജമ്മു വീഴ്ത്തി
Posted on: 09 Feb 2010
സി.ശ്രീകാന്ത്
തിരുവനന്തപുരം: കിട്ടിയ അവസരങ്ങളെല്ലാം ഗോളാക്കി മാറ്റിയപ്പോള്‍ ജി.വി. രാജ ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ലീഗില്‍ ജമ്മു കാശ്മീര്‍ ബാങ്ക് 3-0 ന് മലബാര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി. മലബാര്‍ യുണൈറ്റഡിന്റെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് ഇതോടെ മങ്ങലേറ്റു.
പന്ത് ഏറെ നേരവും മലബാര്‍ യുണൈറ്റഡിന്റെ കാലിലായിരുന്നെങ്കിലും കിട്ടിയ അവസരങ്ങളിലെല്ലാം ജമ്മു ഫിനിഷിങ് കാട്ടി. കളി തുടങ്ങി ആറാം മിനിറ്റില്‍തന്നെ ഹര്‍ദീപ് സിങിലൂടെ ജമ്മു ആധിപത്യം നേടി. രോഹിത് കുമാറിന്റെ പാസ് വാങ്ങി പോസ്റ്റിന് മുപ്പത് വാരയോളം അകലെവെച്ചുതന്നെ ഹര്‍ദീപ് പന്ത് പായിച്ചു. പന്ത് ഗോളിയുടെ കൈയില്‍തട്ടിക്കയറി ആദ്യഗോള്‍. 48-ാം മിനിറ്റില്‍ മുഹമ്മദ് ഹനീഫിന്റെ ഫ്രീകിക്ക് ബദ്രു ഇബ്രാഹിം വലയിലാക്കിയതോടെ ജമ്മു ആധിപത്യമുറപ്പിച്ചു. 68-ാം മിനിറ്റില്‍ നേടിയ മൂന്നാം ഗോളും രോഹിത്-ഹര്‍ദീപ് കൂട്ടുകെട്ടിലൂടെയാണ് പിറന്നത്.രോഹിത് കുമാര്‍ നല്‍കിയ അളന്നുമുറിച്ച ക്രോസ് ഒട്ടും പിഴവ് വരുത്താതെ ഹര്‍ദീപ് സിങ് ഗോളാക്കി മാറ്റി. 29-ാം മിനിറ്റിലും ജമ്മു പന്ത് വലയിലാക്കിയെങ്കിലും റഫറി ഗോള്‍ വിധിച്ചില്ല. സത്‌വിന്ദര്‍ സിങ് നല്‍കിയ പാസ് ബദ്രു ഇബ്രഹിമാണ് വലയിലാക്കിയത്. ഇതിനിടെ റഫറി പന്ത് ഔട്ട് വിളിക്കുകയായിരുന്നു.
ഇതിനിടെ മലബാര്‍ യുണൈറ്റഡ് കിട്ടിയ അവസരങ്ങളെല്ലാം കളഞ്ഞുകുളിച്ചു. 53-ാം മിനിറ്റിലും 60-ാം മിനിറ്റിലും മലബാര്‍ നടത്തിയ ഗോള്‍ ശ്രമങ്ങള്‍ ജമ്മു ഗോളി വിക്രംജിത്ത് സിങ് തട്ടിയകറ്റി. കളിയുടെ 75-ാം മിനിറ്റില്‍ മലബാറിന്റെ ജാക്കന്‍ സെബാസ്റ്റിയന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടിയകന്നതോടെ കളിയില്‍ മലബാര്‍ യുണൈറ്റഡിന്റെ സാധ്യതകള്‍ തീര്‍ത്തും ഇല്ലാതായി.
വിജയികളായ ജമ്മുകാശ്മിര്‍ ബാങ്ക് അടുത്ത ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗില്‍ ബുധനാഴ്ച ആര്‍മി ഇലവനെ നേരിടും. ചൊവ്വാഴ്ച കളി ഉണ്ടായിരിക്കില്ല.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam