അറബ് രാജ്യങ്ങള്‍ ഇന്ത്യയില്‍ 3800 കോടി ഡോളര്‍ നിക്ഷേപിക്കും

Posted on: 09 Feb 2010



ന്യൂഡല്‍ഹി: വിവിധ പദ്ധതികളിലായി അറബ് രാജ്യങ്ങള്‍ ഇന്ത്യയില്‍ 3800 കോടി ഡോളര്‍ പുതുതായി നിക്ഷേപിക്കും. തിങ്കളാഴ്ച 'ഫിക്ക'യുടെ ആഭിമുഖ്യത്തില്‍ നടന്ന ഇന്തോ-അറബ് നിക്ഷേപക സമ്മേളനത്തിലാണ് ഈ തീരുമാനമെടുത്തത്. 2014 ഓടെ ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര വകുപ്പ് മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. ഇപ്പോള്‍ അറബ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് 11400 കോടി ഡോളറിന്റെ വ്യാപാരമാണുള്ളത്.

കപ്പല്‍ നിര്‍മാണം, അടിസ്ഥാന സൗകര്യവികസനം, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിവര സാങ്കേതിക മേഖല, കാര്‍ഷിക മേഖല, ഊര്‍ജം, ടൂറിസം, മനുഷ്യശേഷി വികസനം, പെട്രോ കെമിക്കല്‍സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം എന്നീ മേഖലകളിലാണ് പുതുതായി നിക്ഷേപം നടത്താന്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുള്ളതെന്ന് യു.എ.ഇ. പ്രതിനിധി അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ എം.എ. യൂസഫലി പറഞ്ഞു.

ജോര്‍ദാന്‍, ലെബനന്‍, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, പലസ്തീന്‍, യു.എ.ഇ, ഖത്തര്‍, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍നിന്നായി 22 പേര്‍ പങ്കെടുത്തു.

ഇന്ത്യയും ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ രാജ്യങ്ങളും തമ്മില്‍ വിപണി തുറക്കാനുള്ള കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/