വിലക്കയറ്റംകൊണ്ട് കുത്തകകള്‍ക്ക് വന്‍ലാഭം-ബി.ജെ.പി.

ന്യൂഡല്‍ഹി: വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കാണിക്കാന്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും പവര്‍പോയന്റ് പ്രസന്‍േറഷനുമായി ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പത്രസമ്മേളനം.
സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളുടെ പരാജയമാണ് വിലക്കയറ്റം രൂക്ഷമാവാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടിയ ഗഡ്കരി ഭക്ഷ്യ-കൃഷി ഉത്പന്നങ്ങളെ അവധിവ്യാപാരത്തില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. മികച്ച ഉത്പാദനം നടന്ന അവശ്യസാധനങ്ങള്‍ പോലും 99 ശതമാനം അവധിവ്യാപാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു ശതമാനത്തോളം മാത്രമാണ് വിപണിയില്‍ എത്തുന്നത്.
ഗോതമ്പ്, അരി, പഞ്ചസാര, പരിപ്പ് എന്നിവയുടെ വില മാസങ്ങള്‍ക്കുള്ളില്‍ ഇരട്ടിയായി. കഴിഞ്ഞ മാസങ്ങളില്‍ പൊതുവെയുള്ള വിലയക്കയറ്റവും ഭക്ഷ്യഉത്പന്നങ്ങളുടെ വിലവര്‍ധനയും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. കരുതല്‍ ശേഖരം നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയുടെ മൂന്നിരട്ടിയോളമാണ് ഉപഭോക്താക്കള്‍ മുടക്കേണ്ടിവരുന്നത്. ഇടനിലക്കാരും ബഹുരാഷ്ട്ര കുത്തകകളും കോര്‍പ്പറേറ്റ് കമ്പനികളും ഊഹക്കച്ചടക്കാരും കരിഞ്ചന്തക്കാരുമാണ് സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍സിങ് നയിക്കുന്ന രണ്ടാം യുപി.എ.സര്‍ക്കാറിന്റെ വികലമായ സാമ്പത്തിക നയത്തിന്റെ ഭാഗമായി ലാഭം കൊയ്യുന്നത്-ഗഡ്കരി പറഞ്ഞു.
2009-ല്‍ അരിയുടെ ഉത്പാദനം സര്‍വകാല റെക്കോഡായ 9.91 കോടി ടണ്‍ ആണ്. എന്നിട്ടും 2004-ല്‍ കിലോയ്ക്ക് പത്തു രൂപ ഉണ്ടായിരുന്ന അരിവില 2010 തുടക്കമായപ്പോള്‍ 32 രൂപയായി വര്‍ധിച്ചു. കൃഷിക്കാര്‍ക്ക് ഒരു കിലോ അരിക്ക് ഇപ്പോഴും ലഭിക്കുന്നത് 9.50 രൂപയാണ്. 2008-09 കാലത്ത് കര്‍ഷകര്‍ക്ക് പത്തു രൂപയാണ് ലഭിച്ചിരുന്നത്. അപ്പോള്‍ പൊതുവിപണിയിലെ അരിവില 24 രൂപയായിരുന്നു. എന്നിട്ടും 2009-മേയില്‍ അവധിവ്യാപാരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. അതിനു ശേഷം 2009 ഡിസംബര്‍ വരെയുള്ള കാലത്ത് യഥാര്‍ഥ ഉത്പാദനം 14 ലക്ഷം ടണ്‍ ആയിരുന്നിട്ടും പൊതുവിപണിയിലെത്തിയത് 1,400 ടണ്‍ മാത്രമാണ്. 99.99 ശതമാനവും അവധിവ്യാപാരത്തിലേക്കാണ് നീങ്ങുന്നത്. കടല, ജീരകം, മഞ്ഞള്‍, ഉരുളക്കിഴങ്ങ് എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.