ജി.എസ്.എല്‍.വി. എം.കെ-3 ദ്രവീകൃത എന്‍ജിന്‍ പരീക്ഷണം ഈ മാസം

Posted on: 09 Feb 2010



ചെന്നൈ: ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹവിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. എം.കെ-3ന്റെ ദ്രവീകൃത എന്‍ജിനുകള്‍ ഈ മാസം അവസാനത്തോടെ പരീക്ഷിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ''ദ്രവീകൃതഘട്ടം പരീക്ഷിക്കുന്നതിനുള്ള അവസാന ഒരുക്കങ്ങളിലാണ് ഞങ്ങളിപ്പോള്‍''- ചെന്നൈയില്‍ എസ്.ആര്‍.എം. കല്പിതസര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് സ്വീകരിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍. മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്ററിലായിരിക്കും പരീക്ഷണം.

ഇക്കഴിഞ്ഞ ജനവരി 24ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശഗവേഷണകേന്ദ്രത്തില്‍ ജി.എസ്.എല്‍.വി. എം.കെ-3ന്റെ റോക്കറ്റ് ബൂസ്റ്റര്‍ എന്‍ജിന്‍ ഐ.എസ്.ആര്‍.ഒ. വിജയകരമായി പരീക്ഷിച്ചിരുന്നു.

4,500 കിലോഗ്രാമിനും 5,000 കിലോഗ്രാമിനും ഇടയിലുള്ള ഇന്‍സാറ്റ്-4 വിഭാഗത്തില്‍ പ്പെടുന്ന ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുകയാണ് ജി.എസ്.എല്‍.വി. എം.കെ-3ന്റെ ലക്ഷ്യം.

പൂര്‍ണമായും തദ്ദേശീയവത്കരിച്ച എന്‍ജിനാണ് റോക്കറ്റ് ബൂസ്റ്റര്‍ എസ്-200 എന്നതാണ് ഈ നേട്ടത്തിന് തിളക്കമേറ്റുന്നതെന്ന് ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.

അടുത്ത ആറുമാസത്തിനകം എസ്-200 വീണ്ടും പരീക്ഷിക്കുമെന്ന് രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.

പി.എസ്.എല്‍.വി. സി-15 വിക്ഷേപണം മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഉണ്ടാകുമെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. തദ്ദേശീയമായി നിര്‍മിച്ച ക്രയോജനിക് എന്‍ജിന്റെ പരീക്ഷണവും ഏപ്രിലില്‍ നടക്കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/