ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ബാരാമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗിനു സമീപം സൈനികപരിശീലനക്യാമ്പിലേക്ക് മഞ്ഞുമലയിടിഞ്ഞ് ഓഫീസറടക്കം 17 സൈനികര്‍ മരിച്ചു. മഞ്ഞിനടിയില്‍പ്പെട്ട അറുപതോളം സൈനികരില്‍ 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി കശ്മീരിലെ കരസേനാവക്താവ് കേണല്‍ ജെ.എസ്.ബ്രാര്‍ അറിയിച്ചു. 26 പേരെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തി. ലഫ്. പ്രതീകാണ് മരിച്ച ഓഫീസര്‍. ഇന്ത്യന്‍സേനയുടെ വിഖ്യാതമായ 'ഹൈ ആള്‍ട്ടിറ്റിയൂഡ് വാര്‍ഫെയര്‍ സ്കൂളി'ലെ സൈനികരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന മേഖലകളിലും മഞ്ഞുമലകളിലും പോരാടാനുള്ള പരിശീലനം നല്‍കുന്നതിനുള്ളതാണ് ഈ സ്കൂള്‍.
ഉന്നത പര്‍വതമേഖലകളിലെ യുദ്ധമുറകള്‍ക്ക് പരിശീലനംനല്കുന്ന സൈനികക്യാമ്പ് 10000 അടി ഉയരത്തില്‍ ഗുല്‍മാര്‍ഗിനടുത്ത് ഗുജ്ജര്ഘട്ടില് സ്ഥാപിക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നോടെയാണ് ഖിലന്‍മാര്‍ഗ് പര്വതനിരകളില്നിന്ന് മഞ്ഞിടിഞ്ഞ് ക്യാമ്പിലേക്ക് വീണത്. മുന്നൂറോളം സൈനികര്‍ അപകടസമയത്ത് ക്യാമ്പിലുണ്ടായിരുന്നു. അപകടമറിഞ്ഞ് ഉന്നതസൈനികരും പോലീസും അഗ്നിശമനസേനയും രംഗത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.
സ്കീയിങ്ങിനായി ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് ഗുല്‍മാര്‍ഗ്.
മഞ്ഞുവീഴ്ചയെക്കുറിച്ച് പഠനംനടത്തുന്ന സ്നോ അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റ് (എസ്.എ.എസ്.ഇ.) ഈ പ്രദേശത്ത് മഞ്ഞിടിയാന് സാധ്യതയുള്ളതായി ഞായറാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുല്‍മാര്‍ഗില്‍നിന്ന് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ എട്ട് കി.മീ. നടന്നാണ് സൈന്യം ഗുജ്ജര്ഘട്ടിലെത്തിയത്.
മൂന്നുദിവസമായി കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. സൊനാമാര്ഗ്, ഗഗന്‍ഗീര്‍, ഭീംബട്ട്, ദ്രാസ്, ബറ്റാലിക്, ധൂദി, എസ്.എം.ഹില്‍ എന്നിവിടങ്ങള്‍ അതീവ അപകടമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്.