കര്‍ണാടക ബി.ടി. വഴുതന നിരോധിക്കും

ബാംഗ്ലൂര്‍: ബി.ടി. വഴുതന കൃഷിക്ക് സംസ്ഥാനത്ത് അനുമതി നല്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. നാടന്‍ വഴുതനയിനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും നല്കും.
ബി.ടി. വഴുതന 'വിദേശി'യാണെന്നും അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെപ്പോലെയാണെന്നും ആര്‍.എസ്.എസ്. അഖിലേന്ത്യാ മേധാവി മോഹന്‍ ഭാഗവത് ഞായറാഴ്ച ബാംഗ്ലൂരില്‍ നടന്ന ഒരു സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍ ബി.ടി. വഴുതന കൃഷി ചെയ്യുന്നതും വിപണനം ചെയ്യുന്നതും നിരോധിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നത്.
ജനിതകമാറ്റം വരുത്തിയ വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി നിരോധിക്കുമെന്ന് സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പ് മന്ത്രി ഉമേഷ് കട്ടിയാണ് അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാറിനു കത്തയച്ചതായും അദ്ദേഹം അറിയിച്ചു.
കര്‍ണാടകയിലിപ്പോള്‍ 15,000 ഹെക്ടര്‍ സ്ഥലത്ത് വഴുതന കൃഷിയുണ്ട്. 3.6 ലക്ഷം ടണ്ണാണ് വാര്‍ഷിക ഉത്പാദനം.
ബി ടി വഴുതനയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും കാര്‍ഷിക പ്രത്യാഘാതങ്ങളെക്കുറിച്ചും വ്യക്തമായി പഠിക്കാതെ അതിന്റെ കൃഷി അനുവദിക്കാനാവില്ലെന്ന് കേന്ദ്രത്തിനയച്ച കത്തില്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പച്ചക്കറിയെന്ന നിലയില്‍ ജനങ്ങള്‍ ഉപയോഗിക്കുന്നത് കൂടാതെ ആയുര്‍വേദം, സിദ്ധ തുടങ്ങിയ ഇന്ത്യന്‍ ചികിത്സാരീതികളിലും മരുന്നുണ്ടാക്കുന്നതില്‍ വഴുതന പ്രധാന ചേരുവയാണ്.
ഈ സാഹചര്യത്തില്‍ ബി ടി വഴുതന കൃഷി ഇന്നത്തെ നിലയില്‍ അനുവദിക്കാനാവില്ലെന്നും യെദ്യൂരപ്പ കത്തില്‍ പറയുന്നു. തനത് ഇനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും നല്കും.
ബി ടി വഴുതന വികസിപ്പിച്ചെടുക്കാന്‍ മൊണ്‍സാന്‍േറായുടെ ഉപ കമ്പനിയായ മഹീകോയോടൊപ്പം ചേര്‍ന്ന് ഗവേഷണം നടത്തിയത് ധാര്‍വാഡിലുള്ള കര്‍ണാടക കാര്‍ഷിക സര്‍വകലാശാലയാണ്. ഇതു പരിഗണിക്കുമ്പോള്‍ ഈ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ നിലപാടു മാറ്റിയിരിക്കുകയാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.
ബി ടി വഴുതന കൃഷി അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫിബ്രവരി പത്തിനാണ് തീരുമാനം പ്രഖ്യാപിക്കുക.