ശബരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി

Posted on: 09 Feb 2010



തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു പ്രതി ശബരിനാഥിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി. അപൂര്‍ണമായ അപേക്ഷ സമര്‍പ്പിച്ചുവെന്ന കാരണം കാണിച്ചാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സമര്‍പ്പിച്ച അപേക്ഷ നിരസിച്ചത്.

തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മുന്നിലാണ് അവ്യക്തമായ അപേക്ഷ കൊടുത്തത്. ശബരി പ്രതിയായിട്ടുള്ള എല്ലാ തട്ടിപ്പുകേസിലും കോടതി നേരത്തെ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നുമാത്രമാണ് അപേക്ഷയില്‍ പറയുന്നത്. ഈ കോടതിയുടെ പരിഗണനയില്‍ 28-ഓളം തട്ടിപ്പുകേസുകളാണ് ഉള്ളത്. എന്നാല്‍, ഇവയുടെ കേസ് നമ്പര്‍, ജാമ്യ വ്യവസ്ഥകള്‍, ജാമ്യം റദ്ദാക്കാനുള്ള കാരണം തുടങ്ങിയവ ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ല.

ക്രൈംബ്രാഞ്ചിന്റെ സമീപനത്തെ കോടതി വിമര്‍ശിച്ചു. പൂര്‍ണമായ അപേക്ഷ എഴുതി നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി അത് നിരസിച്ചു.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിഞ്ഞ കാലയളവില്‍ തട്ടിപ്പുകേസിലെ ജാമ്യവ്യവസ്ഥ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ശബരി ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാന്‍ നീക്കം നടന്നത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/