സ്മാര്‍ട്ട് സിറ്റി മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധം -പി.കെ. കുഞ്ഞാലിക്കുട്ടി
Posted on: 09 Feb 2010
മഞ്ചേരി: പ്രതിപക്ഷത്തുള്ള നേതാക്കളും അവരുടെ ബന്ധുക്കളും ചേര്‍ന്ന് സ്മാര്‍ട്ട്‌സിറ്റിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് കൊണ്ടുവന്ന സ്മാര്‍ട്ട്‌സിറ്റി പദ്ധതി ഈ സര്‍ക്കാര്‍ നശിപ്പിച്ചു.
അവസാനം ഒന്നും ചെയ്യാന്‍ കഴിയാതെ ആയപ്പോഴാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനേക്കാള്‍ ശക്തം പ്രതിപക്ഷമാണെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ ആരോപണം തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതോടെ ഇവിടെ വ്യവസായവികസനം മുരടിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ ഐ.ടി രംഗത്ത് വന്‍ കുതിപ്പ് നേടിയപ്പോള്‍ കേരളം എവിടെയും എത്തിയില്ല.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഒന്നിലധികം സ്മാര്‍ട്ട്‌സിറ്റികള്‍ തുടങ്ങും. സ്മാര്‍ട്ട്‌സിറ്റിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെങ്കില്‍ അത് തുറന്ന് സമ്മതിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വയനാട്ടില്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എയുടെ കൈവശഭൂമി സി.പി.എം നേതൃത്വത്തില്‍ കൈയേറിയത് രാഷ്ട്രീയ പകപോക്കലാണെന്ന് കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു. യു.ഡി.എഫ് സംഘം വയനാട് സന്ദര്‍ശിക്കും. ശ്രേയാംസ്‌കുമാറിന് പൈതൃകമായി ലഭിച്ച ഭൂമിപോലെതന്നെ വയനാട്ടിലെ പല സി.പി.എം നേതാക്കള്‍ക്കും ഭൂമിയുണ്ട്. നാളെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആ ഭൂമി കൈയേറിയാല്‍ സി.പി.എമ്മിന് ഒന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് സി.പി.എം പലസ്ഥലങ്ങളിലും കൈയേറി കൊടിനാട്ടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതുപോലെയല്ല. സി.പി.എമ്മിന്റെ ജനപിന്തുണയെക്കുറിച്ച് അവര്‍ തന്നെ ആലോചിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരിയില്‍ സീതിഹാജി അനുസ്മരണ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam