തൊടുപുഴ:മൂന്നാറില്‍ ടാറ്റ കമ്പനിയുടെ തടയണകളില്‍ ഒരെണ്ണം പൊളിച്ചുനീക്കാനും മറ്റൊന്ന് സര്‍ക്കാര്‍ ഏറ്റെടുക്കാനും സാധ്യത. തടയണകള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് ബോധിപ്പിക്കാന്‍ കളക്ടര്‍ നല്‍കിയ നോട്ടീസ്പ്രകാരം കണ്ണന്‍ദേവന്‍ കമ്പനി പ്രതിനിധികള്‍ കളക്ടറുടെ മുന്നില്‍ ഹാജരായി വാദങ്ങള്‍ നിരത്തി. വിവിധ നിയമങ്ങളിലെയും കരാറുകളിലെയും വ്യവസ്ഥ പ്രകാരം തടയണകള്‍ നിയമവിരുദ്ധമല്ലെന്നും നടപടി പാടില്ലെന്നും കമ്പനി വാദിച്ചു. ഇവര്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചശേഷം ഉന്നതതലങ്ങളില്‍ കൂടിയാലോചന നടത്തിയേ കളക്ടര്‍ തീരുമാനമെടുക്കൂ.
തടയണകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ലെന്ന നിലപാട് കമ്പനി പ്രതിനിധികള്‍ കളക്ടര്‍ക്കുമുമ്പില്‍ ആവര്‍ത്തിച്ചു. ജലവിഭവ വകുപ്പിന്റെ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ മുന്‍വിധിയോടെ വന്നുനടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നത് നീതിയല്ല. 2003 ലെ നിയമപ്രകാരമാണ് നടപടിയെടുക്കുന്നതെങ്കില്‍ അതേ നിയമത്തില്‍ പരാമര്‍ശിക്കുന്ന ഡാം സേഫ്റ്റി അതോറിറ്റിയാണ് പരിശോധന നടത്തേണ്ടതെന്നും കമ്പനി വ്യക്തമാക്കി.
ലക്ഷ്മിയിലെ ചെക്കുഡാം കമ്പനിക്ക് അവകാശപ്പെട്ട 1034 സര്‍വേ നമ്പരിലുള്ള ഭൂമിയിലാണെന്ന് 1974 ലെ ലാന്‍ഡ്‌ബോര്‍ഡ് ഉത്തരവ് ചൂണ്ടിക്കാട്ടി കമ്പനി വാദിച്ചു. കമ്പനിക്ക് തടസ്സം കൂടാതെ ഉപയോഗിക്കാന്‍ പൂര്‍ണാവകാശമുള്ള ഭൂമിയാണിതെന്ന് തെളിയിക്കാന്‍ ഒന്നും രണ്ടും പൂഞ്ഞാര്‍ കണ്‍സഷന്റെ പകര്‍പ്പുകളും ഹൈക്കോടതി ഉത്തരവുകളും കളക്ടര്‍ക്ക് നല്‍കി.
ആനക്കുളം എന്നറിയപ്പെട്ടുവരുന്ന ലക്ഷ്മിയിലെ തടാകം 1945 ല്‍ത്തന്നെ നിലവിലുള്ളതാണെന്ന് 1945-46 ലെ ഹൈറേഞ്ച് ആംഗ്ലിങ് അസോസിയേഷന്റെ വാര്‍ഷികപൊതുയോഗ മിനിട്ട്‌സിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി കമ്പനി സമര്‍ഥിച്ചു.
ചിറ്റ്വാരയിലെ ബണ്ട് കമ്പനിക്കവകാശപ്പെട്ട സര്‍വേ നമ്പര്‍ 2/5 ല്‍പ്പെട്ടതാണെന്നും ഇതിലെ വെള്ളം, കൃഷി, ജലസേചനം, ഗാര്‍ഹികാവശ്യങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കാന്‍ 1928 മാര്‍ച്ച് 27ന് തിരുവിതാംകൂര്‍ ദിവാനുമായി ഒപ്പിട്ട ജലാവകാശ കരാര്‍ പ്രകാരം അനുമതിയുണ്ടെന്നും കമ്പനി കളക്ടറെ അറിയിച്ചു. 750 ഓളം തൊഴിലാളികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് ബണ്ട് ഉപയോഗിക്കുന്നത്.
സാന്‍ഡോസിലെ പനിനീര്‍പ്പൂ കൃഷി അനധികൃതമല്ലെന്നും കമ്പനി അറിയിച്ചു. രണ്ടാം പൂഞ്ഞാര്‍ കണ്‍സഷന്‍ പ്രകാരം ഇത്തരം കൃഷിക്ക് അനുമതിയുണ്ടെന്നാണ് കമ്പനിയുടെ വാദം. പനിനീര്‍പ്പൂവിന്റെ മണവും രുചിയുമുള്ള തേയില ഉല്പാദിപ്പിക്കാനാണ് റോസാച്ചെടികള്‍ നട്ടത്. 'റോസ് പെറ്റല്‍ സ്‌പെഷാലിറ്റി ടീ' ഇങ്ങനെ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നുമുണ്ട്.
സാന്‍ഡോസിന് സൗരോര്‍ജ്ജ കമ്പിവേലി സ്ഥാപിച്ചത് മൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയാനാണ്. കളക്ടറുടെ നോട്ടീസ് ലഭിച്ചപ്പോള്‍ത്തന്നെ കമ്പിവേലിയില്‍ ഘടിപ്പിച്ചിരുന്ന സൗരോര്‍ജ്ജ ബാറ്ററി എടുത്തുമാറ്റി.
കണ്ണന്‍ദേവന്‍ കമ്പനി ഹാജരാക്കിയ രേഖകള്‍ പരിശോധിക്കാന്‍ സമയമെടുക്കുമെന്നും അര്‍ധ-നീതിന്യായ സ്വഭാവമുള്ള കാര്യമായതിനാല്‍ എല്ലാകാര്യവും വിശദമായി പരിശോധിച്ചേ തീരുമാനത്തിലെത്താനാവൂ എന്നും കളക്ടര്‍ അശോക്കുമാര്‍ സിങ് പറഞ്ഞു.
അതേസമയം, കല്ലാറിലേക്കുള്ള ജലമൊഴുക്ക് തടയുന്നതായതിനാലും കമ്പനി ജലസേചനത്തിനോ കുടിവെള്ളമെടുക്കാനോ ഉപയോഗിക്കാത്തതായതുകൊണ്ടും ലക്ഷ്മിയിലെ തടയണ പൊളിച്ചുനീക്കുന്നതില്‍ തടസ്സമില്ലെന്ന നിഗമനത്തിലാണ് കളക്ടര്‍ എത്തിയിട്ടുള്ളതെന്നറിയുന്നു. ചിറ്റ്വാരയിലെ തടയണ തൊഴിലാളികള്‍ക്ക് കുടിവെള്ളം നല്‍കുന്നതാകയാല്‍ പൊളിച്ചുനീക്കുന്നത് പ്രാദേശികമായ വന്‍എതിര്‍പ്പുണ്ടാക്കുമെന്നതിനാല്‍ പൊളിക്കാതെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായാണ് സൂചന.