കര്‍ഷകസംഘടനകളുമായി ധനമന്ത്രി ചര്‍ച്ച നടത്തണം - കെ.എം. മാണി

Posted on: 09 Feb 2010



ആലപ്പുഴ: കര്‍ഷക സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെപ്പറ്റി കര്‍ഷക സംഘടനകളുമായി ധനമന്ത്രി ഡോ. തോമസ് ഐസക് പ്രീ-ബജറ്റ് ചര്‍ച്ച നടത്തണമെന്ന് കേരള കോണ്‍ഗ്രസ് ലീഡര്‍ കെ.എം. മാണി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ പ്രതിസന്ധി, കാര്‍ഷിക നഷ്ടം എന്നിവയാണ് കര്‍ഷക സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍. ഇത് നേരിടാന്‍ എന്ത് ക്രിയാത്മക നടപടികളാണ് സ്വീകരിക്കുന്നതെന്നറിയാന്‍ കര്‍ഷക സമൂഹത്തിന് താത്പര്യമുണ്ട്.

ജൈവശാസ്ത്ര സാങ്കേതികവിദ്യകളുടെ പ്രയോഗം എങ്ങനെ ഫലപ്രദമാക്കാമെന്നും അതിന്റെ ദൂഷ്യങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നും പഠനം നടത്തണം.

സുനാമി ദുരിതാശ്വാസത്തിനു കേന്ദ്രം അനുവദിച്ച 1400 കോടിയുടെ പകുതിയിലേറെ ഇടതുപക്ഷ സര്‍ക്കാര്‍ പാഴാക്കി. വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകള്‍ക്ക് കേന്ദ്രം അനുവദിച്ച വിദര്‍ഭ പാക്കേജ് പദ്ധതി നടപ്പാക്കുന്നതിലും വീഴ്ചവരുത്തി. കുട്ടനാട്, ഇടുക്കി പാക്കേജുകളുടെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി നല്‍കാത്തതിനാല്‍ അതിന്റെ പ്രയോജനവും കിട്ടിയിട്ടില്ല - മാണി ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം, ജനറല്‍ സെക്രട്ടറി എ.സി. മാത്യു എടയാടി എന്നിവരും പങ്കെടുത്തു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/