അഡ്വ. ജോര്‍ജ് പോത്തന്റെ ഭൂമിയും സി.പി.എം. കയ്യേറി
കല്പറ്റ: ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റിയംഗവും വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. ജോര്‍ജ് പോത്തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും എ.കെ.എസ്സിനെ മുന്‍നിര്‍ത്തി സി.പി.എം. കയ്യേറി.
ശനിയാഴ്ച എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ കൃഷ്ണഗിരിയിലെ കാപ്പിത്തോട്ടം കയ്യേറി കുടില്‍കെട്ടിയതിനു പിന്നാലെയാണ് വെള്ളാരംകുന്നില്‍ ജോര്‍ജ് പോത്തന്റെ കാപ്പി, കൊക്കോ തോട്ടം കയ്യേറിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് കല്പറ്റ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ആദിവാസികുടുംബങ്ങള്‍ വെള്ളാരംകുന്നിലേക്ക് നീങ്ങിത്തുടങ്ങിയത്. 11.15-ഓടെ രണ്ടു ജീപ്പുകളിലും മിനിലോറികളിലുമായി വന്നിറങ്ങിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ഇരുനൂറോളം ആദിവാസികള്‍ വെള്ളാരംകുന്നിലെ കാഡ്ബറി എസ്റ്റേറ്റിനു മുന്നില്‍ ഒത്തുകൂടി.
ഡിവൈ.എസ്.പി.മാരായ സി. പുരുഷോത്തമന്‍ അടിയോടി, പി.എസ്. ഗോപി, സി.ഐ.മാരായ എല്‍. സുരേന്ദ്രന്‍, പി. ബാലകൃഷ്ണന്‍, എസ്.ഐ.മാരായ എം.ഡി. സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പോലീസുകാര്‍ എസ്റ്റേറ്റ് കവാടത്തില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍, 11.20-ഓടെ ആദിവാസികള്‍ കൊടികളുമേന്തി പ്രകടനമായി ഗേറ്റിന് തൊട്ടടുത്ത ഊടുവഴിയിലൂടെ എസ്റ്റേറ്റിലേക്ക് ഇരച്ചുകയറി. പോലീസിന്റെ ഭാഗത്തുനിന്ന് ഇവരെ തടയാനുള്ള ഒരു നീക്കവുമുണ്ടായില്ല. കൂടുതല്‍ പേര്‍ കയ്യേറ്റസ്ഥലത്തേക്ക് എത്തുന്നതിന് ഉന്നത പോലീസുദ്യോഗസ്ഥര്‍ ദൃക്‌സാക്ഷികളായിരുന്നിട്ടും വേണ്ടത്ര പോലീസുകാരെ കൊണ്ടുവരാന്‍ ശ്രമിച്ചില്ല. നേരത്തേ ഭൂമിക്ക് സംരക്ഷണം ആവശ്യപ്പെട്ട് ജോര്‍ജ് പോത്തന്‍ എസ്.പി.ക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, നേതാക്കളായ കെ. സുഗതന്‍, എം.ഡി. സെബാസ്റ്റ്യന്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എം. മധു, ജോ. സെക്രട്ടറി പി.എം. സന്തോഷ്‌കുമാര്‍, എ.കെ.എസ്. ജില്ലാ സെക്രട്ടറി പി. വാസുദേവന്‍, പ്രസിഡന്റ് സീതാ ബാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റം. തുടര്‍ന്ന് കാപ്പി, കൊക്കോ തൈകളും മറ്റും വെട്ടി ആദിവാസികള്‍ കുടില്‍ കെട്ടാന്‍ തുടങ്ങി.
അഞ്ഞൂറോളം കുടുംബങ്ങളെ ഇവിടെ താമസിപ്പിക്കുമെന്ന് കയ്യേറ്റസമരം ഉദ്ഘാടനംചെയ്ത സി.കെ.ശശീന്ദ്രന്‍ പറഞ്ഞു. രണ്ടാം ഭൂസമരത്തിന്റെ ഭാഗമായാണ് ഭൂമി കൈയേറിയത്. തുടര്‍ന്ന് ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമുള്ള 4000 ഏക്കറില്‍ തരിശിട്ട ഭൂമിയും ആദിവാസികള്‍ കൈയേറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പി.കൃഷ്ണപ്രസാദ് എം.എല്‍.എ.യും സംസാരിച്ചു. 5.45-ഓടെ സീതാബാലന്‍ ഉള്‍പ്പെടെ 18 ആദിവാസികളെ പോലീസ് അറസ്റ്റുചെയ്തുനീക്കി. കല്പറ്റ സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.