എന്‍.ആര്‍.ഇ പരിയാരം പ്രതിസന്ധി: ചെയര്‍മാന്റെ ആരോപണം ശുദ്ധനുണയെന്ന് എം.വി.രാഘവന്‍
Posted on: 09 Feb 2010
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സാമ്പത്തിക പ്രതിസന്ധിയിലാവാന്‍ കാരണം മുന്‍ഭരണസമിതിയാണെന്ന ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്റെ ആരോപണം ശുദ്ധ നുണയാണെന്ന് മുന്‍ ഭരണസമിതി ചെയര്‍മാന്‍ എം.വി.രാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് 331 കോടി രൂപ കടത്തിലാണെന്നാണ് ടി.കെ.ഗോവിന്ദന്‍ പറയുന്നത്. എങ്ങനെ നോക്കിയാലും കടബാധ്യത 200 കോടിയിലധികം വരില്ല. മെഡിക്കല്‍ കോളേജിന്റെ ഭരണം എല്‍ഡി.എഫ്. സര്‍ക്കാര്‍ ഏറ്റെടുത്ത കാലത്ത് 148 കോടി രൂപയുടെ ബാധ്യത വരുത്തി വെച്ചു. എ.ജി.യുടെ റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട്.
രണ്ട് തവണ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയതിന് 20 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് ചെയര്‍മാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ മൂന്ന് കോടി രൂപ ചെലവഴിച്ചുവെന്നാണ് സഹകരണമന്ത്രിക്ക് കൊടുക്കാനായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൗണ്‍സില്‍ പരിശോധനയ്ക്ക് 3.5 ലക്ഷം രൂപ മാത്രമാണ് ഫീസ് എന്നിരിക്കെ മൂന്ന് കോടിരൂപ എന്തിന് ചെലവഴിച്ചുവെന്ന് ടി.കെ.ഗോവിന്ദന്‍ വ്യക്തമാക്കണം.
മെഡിക്കല്‍ കോളേജിന് വാങ്ങിയ ഉപകരണങ്ങള്‍ ആയുര്‍വേദ കോളേജിലേക്ക് കടത്തിയെന്ന ആരോപണം ബാലിശമാണ്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് രാഘവന്‍ ചോദിച്ചു. മെഡിക്കല്‍ കോളേജ് വികസനത്തിനായി വാങ്ങിയ വായ്പയും പലിശയും കുടിശ്ശികയില്ലാതെ കൃത്യമായി തിരിച്ചടയ്ക്കുന്ന ഘട്ടത്തിലാണ് ജനാധിപത്യ വിരുദ്ധമായ രീതിയില്‍ ഇന്നത്തെ ഭരണസമിതി അധികാരത്തിലേറിയത്. അന്ന് ആസ്പത്രിയുടെയും കോളേജിന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ 11.73 കോടി രൂപ ബാക്കിയുണ്ടായിരുന്നു. ഈ തുക എന്ത് ചെയ്തു എന്നത് വ്യക്തമാക്കണം.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അക്കാദമി ആസ്പത്രി സൊസൈറ്റിക്ക് 28.4 കോടി രൂപ നല്‍കിയെന്നിരിക്കെ ഒന്നും നല്‍കിയിട്ടില്ലെന്ന് ഇപ്പോഴത്തെ ചെയര്‍മാന്‍ പറയുന്നു. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലത്ത് മാനേജ്‌മെന്റ് എന്‍.ആര്‍.ഐ. ക്വാട്ടയിലേക്കുള്ള ഫീസ് കുത്തനെ കൂട്ടി. ചികിത്സാ ചാര്‍ജുകളും ഇരട്ടിയോളമാക്കി. എന്നിട്ടും സ്ഥാപനം പ്രതിസന്ധിയിലായത് എങ്ങനെയെന്ന് രാഘവന്‍ ചോദിച്ചു. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഏത് തരം അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍ ഭരണസമിതി അംഗങ്ങളായ പി.പി.ലക്ഷ്മണന്‍. കെ.സി.കടമ്പൂരാന്‍. പാട്യം രാജന്‍, സി.ജനാര്‍ദ്ദനന്‍ തുടങ്ങിയവരും പങ്കെടുത്തു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam