പോലീസുമായി ഏറ്റുമുട്ടി കുപ്രസിദ്ധ റൗഡി വെടിയേറ്റു മരിച്ചു
Posted on: 09 Feb 2010
ചെന്നൈ: നഗരത്തില്‍ പട്ടാപ്പകല്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ റൗഡിയും കൂട്ടാളിയും വെടിയേറ്റു മരിച്ചു.
നീലാങ്കര ഈസ്റ്റ്‌കോസ്റ്റ് റോഡില്‍ പതയൂരിനടുത്തുവെച്ചുണ്ടായ ഏറ്റുമുട്ടലില്‍ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ എഴുപതോളം കേസുകളില്‍ പ്രതിയായ ദിണ്ടിഗല്‍ പാണ്ഡിയും(40) അയാളുടെ ഡ്രൈവര്‍ വേലുവുമാണ് വെടിയേറ്റു മരിച്ചത്. മലയാളി വ്യവസായി ശങ്കര്‍ ദിവാകരന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാംപ്രതിയായ ദിണ്ടിഗല്‍ പാണ്ഡിയെ പോലീസ് തിരഞ്ഞുവരികയായിരുന്നു. ഏറ്റുമുട്ടലിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-
ദിണ്ടിഗല്‍ സ്വദേശിയായ ദിണ്ടിഗല്‍ പാണ്ഡി ഈറോഡിലുണ്ടെന്നറിഞ്ഞ് പോലീസ് സംഘം അങ്ങോട്ട് തിരിച്ചിരുന്നു. അവിടെനിന്ന് ചെന്നൈയിലേക്ക് മുങ്ങിയ ദിണ്ടിഗല്‍ പാണ്ഡി തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ നീലാങ്കര ഈസ്റ്റ്‌കോസ്റ്റ് റോഡിലുള്ളതായി പോലീസിന് വിവരം ലഭിച്ചു. ഉടനെ പോലീസ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍, മഹേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പതിമൂന്നംഗ പോലീസ് സംഘം പിന്തുടര്‍ന്നു. പോലീസ് പിന്നാലെയുള്ളത് അറിഞ്ഞ് പാണ്ഡി സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ വേലു അതിവേഗത്തില്‍ ഓടിച്ചു. എന്നാല്‍, പോലീസ് സംഘം കാറിന് കുറുകെ പോലീസ് ജീപ്പും പോലീസുകാര്‍ സഞ്ചരിച്ച ഇരുചക്രവാഹനങ്ങളും നിര്‍ത്തി. പോലീസുകാര്‍ പുറത്തിറങ്ങി ദിണ്ടിഗല്‍ പാണ്ഡിയോടും വേലുവിനോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പോലീസിന്റെ നിര്‍ദേശം വകവെക്കാതെ കൈയില്‍ കരുതിയിരുന്ന നാടന്‍ ബോംബുകള്‍ പോലീസിന് നേരെ എറിഞ്ഞു. തുടര്‍ന്ന് പോലീസ് വെടിയുതിര്‍ത്തു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും ആസ്പത്രിയിലേക്ക് പോകുംവഴി മരിക്കുകയായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍മാരായ രവികുമാര്‍, മഹേഷ്‌കുമാര്‍, മോഹന്‍, പ്രേംകുമാര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
ചെന്നൈയിലെ പ്രമുഖ വ്യവസായിയായിരുന്ന ഒറ്റപ്പാലം ലക്കിടി സ്വദേശി ശങ്കര്‍ ദിവാകരന്‍ ഏപ്രില്‍ 30നാണ് കൊല്ലപ്പെട്ടത്. ഒരേ മൊബൈലില്‍ രണ്ട് സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേര്‍ കണ്ടുപിടിച്ചതിന്റെ പേറ്റന്റ് പങ്കാളിയാണ് ശങ്കര്‍ ദിവാകരന്‍. ഇതുസംബന്ധിച്ച് ചില മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമായി നടന്നുവരുന്ന കേസിന്റെ കാര്യം ചര്‍ച്ചചെയ്ത് അഭിഭാഷകന്റെ വീട്ടില്‍നിന്ന് പുറത്തിറങ്ങവേ കെ.കെ. നഗറില്‍വെച്ച് ഓട്ടോറിക്ഷയില്‍ വന്ന നാലംഗ സംഘമാണ് ശങ്കര്‍ ദിവാകരനെ വെട്ടിക്കൊന്നത്. കേസില്‍ രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഒന്നാംപ്രതിയായ ദിണ്ടിഗല്‍ പാണ്ഡിയെ അറസ്റ്റ് ചെയ്തിരുന്നില്ല.