ഐ.പി.എല്‍.: താക്കറെയുടെ തീരുമാനം രണ്ടുദിവസത്തിനകം

Posted on: 09 Feb 2010



മുംബൈ: ഐ.പി.എല്‍.ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയന്‍താരങ്ങളെ മുംബൈയില്‍ കളിപ്പിക്കില്ലെന്ന ശിവസേനാ നേതാവ് ബാല്‍താക്കറെയുടെ പ്രഖ്യാപനം പിന്‍വലിക്കാന്‍ സാധ്യത തെളിയുന്നു. ഇക്കാര്യത്തില്‍ ശിവസേനയുടെ നിലപാട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് താക്കറെ അറിയിച്ചു. പാര്‍ട്ടി മുഖപത്രമായ 'സാമ്‌ന' യിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഞായറാഴ്ച കേന്ദ്രമന്ത്രി ശരദ്പവാറും ബി.സി.സി.ഐ. പ്രസിഡന്റ് ശശാങ്ക് മനോഹറും താക്കറെയെ അദ്ദേഹത്തിന്റെ വസതിയായ 'മതോശ്രീ'യില്‍ ചെന്നു കണ്ടിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ ശിവസേനാ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെയും പങ്കെടുത്തു.

ഇന്ത്യയെ അധിക്ഷേപിക്കുന്നത് തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ക്രിക്കറ്റിനേക്കാള്‍ വലുത് രാജ്യമാണെന്നും താക്കറെ കൂടിക്കാഴ്ചയില്‍ ശരദ്പവാറിനോട് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ടീം ഐ.പി.എല്ലില്‍ മത്സരിക്കുന്നില്ലെന്നും ഓരോ ഐ.പി.എല്‍ ടീമിലും ഒന്നോ രണ്ടോ ഓസ്‌ട്രേലിയക്കാര്‍ ഉണ്ടെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടിയതായി ശശാങ്ക് മനോഹര്‍ പിന്നീട് പറഞ്ഞു. എത്ര ഓസ്‌ട്രേലിയന്‍കളിക്കാര്‍ ഏതൊക്കെ ടീമിലുണ്ടെന്ന വിശദാംശം നല്‍കാന്‍ താക്കറെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒന്നോ രണ്ടോദിവസങ്ങള്‍ക്കകം അത് നല്‍കുമെന്നും ശശാങ്ക് വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ കളിക്കാരെ കളിക്കാന്‍ അനുവദിച്ചിട്ടില്ലെങ്കില്‍ ആത്യന്തികമായി ആ ടീമുകളിലുള്ള മറാത്തി കളിക്കാര്‍ക്കായിരിക്കും കൂടുതല്‍ നഷ്ടമെന്നും താക്കറെയെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/