സംവരണം കൊണ്ടുമാത്രം സമത്വം വരില്ല - ശിവരാത്രി ദേശികേന്ദ്ര സ്വാമി

Posted on: 09 Feb 2010



വെമ്പായം: സംവരണം കൊണ്ടുമാത്രം സാമൂഹിക സമത്വം കൈവരിക്കാന്‍ കഴിയില്ലെന്ന് മൈസൂര്‍ വീരസിംഹാസന മഠാധിപതി ഗുരു ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമി അഭിപ്രായപ്പെട്ടു. ആള്‍ ഇന്ത്യ വീരശൈവസഭ കേരള സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് വേറ്റിനാട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംവരണത്തില്‍ മാത്രം ഊന്നല്‍ നല്കാതെ എല്ലാവരും തുല്യരാണെന്ന ബോധം സൃഷ്ടിച്ചെടുക്കാന്‍ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ശ്രമിക്കണം. ബസവേശ്വര വീരശൈവ ധര്‍മ്മസംഹിതകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വേറ്റിനാട് സംസ്ഥാനകാര്യാലയത്തിന്റെ ഉദ്ഘാടനശേഷം പാദപൂജ നടന്നു. തുടര്‍ന്ന് ബസവേശ്വരന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനം ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വി.എം. കേരളാ ഘടകം പ്രസിഡന്റ് ടി.പി. കുഞ്ഞുമോന്‍ അധ്യക്ഷനായിരുന്നു. ഗുരു ശിവരാത്രി ദേശീ കേന്ദ്രസ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ദേശീയ ബസവസമിതി പ്രസിഡന്റ് അരവിന്ദ് ജട്ടി മുഖ്യപ്രഭാഷണം നടത്തി. മുരളി എസ്. കരുനാഗപ്പള്ളി എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ക്രൈംബ്രാഞ്ച് സി.ഐ. ഡി അബ്ദുള്‍ വഹാബ് നിര്‍വഹിച്ചു. കെ. പ്രസന്നകുമാര്‍ സ്വാഗതവും ശശി ശാസ്താംകോട്ട നന്ദിയും പറഞ്ഞു.

ആള്‍ ഇന്ത്യ വീരശൈവസഭ കേരള സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, മൈസൂര്‍ വീരസിംഹാസന മഠാധിപതി ഗുരു ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/