സംസ്ഥാനം അരാജകത്വത്തിലേക്ക് കൂപ്പുകുത്തി - മാണി
Posted on: 09 Feb 2010
തിരുവനന്തപുരം: വയനാട്ടില്‍ ഭൂമി കൈയേറ്റം വ്യാപകമാകുന്നത് ക്രമസമാധാന തകര്‍ച്ചയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഭൂമി കൈയേറിയവര്‍ക്കെതിരെയും അതിന് പ്രേരണ നല്‍കിയവര്‍ക്കെതിരെയും കേസ്സെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എം.വി.ശ്രേയാംസ് കുമാറിന്റെ ഭൂമിയില്‍ തുടങ്ങിയ കൈയേറ്റം ജോര്‍ജ് പോത്തന്റെ ഭൂമിയിലേക്കും വ്യാപിച്ചിരിക്കയാണ്.
സംസ്ഥാനം അരാജകത്വത്തിലേക്ക് മൂക്കുകുത്തി വീണിരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വയനാട്ടില്‍ വ്യാപകമാകുന്ന ഭൂമികൈയേറ്റമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ കൈവശഭൂമി വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയല്ലാതെ അക്രമിസംഘങ്ങളെ കയറൂരിവിട്ട് പിടിച്ചടക്കുന്ന സി.പി.എം. നയം ആത്മഹത്യാപരമാണ്. ഈ ഭൂമിയില്‍ സര്‍ക്കാരിന് അവകാശമുണ്ടെങ്കില്‍ അത് നിയമാനുസൃത മാര്‍ഗത്തിലൂടെ എടുക്കണം. വയനാടിനെ കലാപഭൂമിയാക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണ്. രാഷ്ട്രീയവിരോധികളുടെ കൃഷിയിടങ്ങളും വിലപിടിപ്പുള്ള ദേഹണ്ഡങ്ങളും കൈയേറുമ്പോള്‍ സര്‍ക്കാര്‍ ഈ പകല്‍ക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നത് വിചിത്രമാണ്. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാതെവന്ന സാഹചര്യത്തില്‍ സ്വയംരക്ഷയ്ക്കായി ജനങ്ങള്‍ സംഘടിക്കാതെ പറ്റില്ലെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.
കലാപത്തിനിടയാക്കും -തങ്കച്ചന്‍
വയനാട്ടില്‍ സ്വകാര്യവ്യക്തികളുടെ കൈവശത്തിലുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് വാദത്തിന് സമ്മതിച്ചാല്‍ത്തന്നെ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. പാര്‍ട്ടി സഖാക്കളെക്കൊണ്ട് സ്വകാര്യവ്യക്തികളുടെ ഭൂമി കൈയേറി പിടിച്ചടക്കുന്നത് വലിയ കലാപത്തിന് ഇടനല്‍കും. നാളെയിത് സംസ്ഥാനത്തിന്റെ ഏതുഭാഗത്തും ആവര്‍ത്തിക്കും. സര്‍ക്കാര്‍തന്നെ ഇതുമൂലം വലിയ പ്രതിസന്ധിയിലായിരിക്കയാണ് -അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പകപോക്കല്‍ -എം.വി.രാഘവന്‍
വയനാട്ടിലെ ഭൂമികൈയേറ്റങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് സി.എം.പി. ജനറല്‍ സെക്രട്ടറി എം.വി.രാഘവന്‍ പറഞ്ഞു. വളരെ നികൃഷ്ടമാണീ നടപടി. ഭൂമി പിടിച്ചെടുക്കാനും വിതരണം ചെയ്യാനും സി.പി.എമ്മിനെ ആരാണ് അധികാരപ്പെടുത്തിയതെന്ന് നേതൃത്വം വ്യക്തമാക്കണം. ആദിവാസികളുടെ പേരില്‍ എന്ത് അതിക്രമവും ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രേരണക്കുറ്റത്തിന് കേസെടുക്കണം -ജേക്കബ്
വയനാട്ടിലെ ഭൂമികൈയേറ്റത്തിന് പ്രേരണ നല്‍കിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി.എം.ജേക്കബ് ആവശ്യപ്പെട്ടു. തലമുറകളായി ശ്രേയാംസ് കുമാറിന്റെ കുടുംബത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ ഭൂമി അന്നൊന്നും കൈയേറാന്‍ ശ്രമിക്കാതെ അദ്ദേഹം യു.ഡി.എഫില്‍ എത്തിയപ്പോള്‍ മാത്രം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഹീനമാണ്. കൈയേറ്റ രാഷ്ട്രീയത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാത്തത് ഭരണഘടനയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസംകൊണ്ടാണ്. നിയമം കൈയിലെടുക്കുന്ന ഈ നിലപാടിനോടുള്ള സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ നയം വ്യക്തമാക്കണം. സി.പി.എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയും സഹോദരനും പാര്‍ട്ടിക്കാരും കൈയേറിയ സര്‍ക്കാര്‍ഭൂമി പിടിക്കാന്‍ ആദ്യം തയ്യാറാകണം -അദ്ദേഹം ആവശ്യപ്പെട്ടു.
ഫാസിസ്റ്റ് നിലപാട് -ഷിബു ബേബിജോണ്‍
വയനാട്ടിലെ ഭൂമികൈയേറ്റം ഫാസിസ്റ്റ് നിലപാടാണെന്ന് ആര്‍.എസ്.പി. (ബി) ജനറല്‍ സെക്രട്ടറി ഷിബു ബേബിജോണ്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ചട്ടുകമായി മാറുന്നത് ഗുരുതരമാണ്. സി.പി.എം. നേതാക്കളും മറ്റും മൂന്നാറില്‍ കൈയേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ആദ്യം തയ്യാറാകണം. എന്നിട്ടുമതി കൈവശാവകാശമുള്ള ഭൂമി കൈയേറുന്നത് -അദ്ദേഹം പറഞ്ഞു.
അപഹാസ്യം -പന്തളം
എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ യുടെ തോട്ടം കൈയേറുന്നതിനുവേണ്ടി ആദിവാസികളെ മുന്നില്‍ നിര്‍ത്തിയത് അപഹാസ്യമാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു. ഈ കൈയേറ്റം രാഷ്ട്രീയപ്രേരിതമാണ്. ജനതാദള്‍ (എസ്) എല്‍.ഡി.എഫ്. വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നതിന്റെ പകപോക്കലാണിതെന്നും അദ്ദേഹം പറഞ്ഞു.