പാല്‍ക്ഷാമം രൂക്ഷം; വിപണിയില്‍ മഞ്ഞക്കവര്‍ മാത്രം
Posted on: 09 Feb 2010
തിരുവനന്തപുരം: കര്‍ണാടകത്തില്‍ നിന്നുള്ള പാല്‍വരവ് നിലച്ചതോടെ സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷമായി. ആഭ്യന്തര പാല്‍ഉത്പാദനം കൂടി കുറഞ്ഞതോടെ നീലക്കവര്‍ പാല്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊഴുപ്പ് കുറഞ്ഞ മഞ്ഞക്കവര്‍ പാല്‍ മാത്രമേ മില്‍മ ഇപ്പോള്‍ വിപണിയില്‍ ഇറക്കുന്നുള്ളൂ.
കര്‍ണാടകയില്‍ നിന്നുള്ള പാല്‍ വരവ് നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. 2.30 ലക്ഷം ലിറ്റല്‍ പാല്‍ ലഭിച്ചിരുന്ന കര്‍ണാടകയില്‍ നിന്ന് ഇപ്പോള്‍ പ്രതിദിനം ലഭിക്കുന്നത് 30,000 മുതല്‍ 15,000 ലിറ്റര്‍ പാല്‍ മാത്രമാണ്. ഇതുതന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭിക്കില്ലെന്ന സൂചനയാണ് മില്‍മ നല്‍കുന്നത്.
മില്‍മയും കര്‍ണാടകയുമായി ഉണ്ടാക്കിയ ധാരണ ലിറ്ററിന് 16.30 രൂപയ്ക്ക് പാല്‍ എടുക്കാനാണ്. കരാര്‍ കാലാവധി മെയ്‌വരെയുണ്ട്. 40 ലക്ഷം ലിറ്റര്‍ ആഭ്യന്തര ഉത്പാദനം ഉണ്ടായിരുന്ന കര്‍ണാടകയില്‍ ഇപ്പോള്‍ ഉത്പാദനം 30 ലക്ഷം ലിറ്ററില്‍ താഴെയാണ്. ഇതാണ് കേരളത്തിലേക്കുള്ള പാല്‍ വരവ് കുറയാന്‍ കാരണം.
ലിറ്ററിന് 17.40 രൂപയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ഒരു ലക്ഷം ലിറ്റര്‍ പാല്‍ തിരുവനന്തപുരം മേഖലാ യൂണിയന് മാത്രമായി ലഭിക്കുന്നു. ഇതും ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറയാനിടയുണ്ടെന്നാണ് മില്‍മയുടെ വിശദീകരണം. സംസ്ഥാനത്ത് മൂന്ന് മേഖലാ യൂണിയനുകളില്‍ നിന്നുമായി ആകെ 6.8 ലക്ഷം ലിറ്റര്‍ പാല്‍ മാത്രമെ മില്‍മ സംഭരിക്കുന്നുള്ളൂ. ഇത് നേരത്തെ 7.3 ലക്ഷമായിരുന്നു. വേനലാവുന്നതോടെ സംഭരണം ഇതിലും കുറയാനാണ് സാധ്യത.
സംസ്ഥാനത്ത് മില്‍മ വിപണിയില്‍ എത്തിക്കുന്നതില്‍ അറുപത് ശതമാനവും നീലക്കവര്‍ (3 ശതമാനം കൊഴുപ്പുള്ളത്) പാലായിരുന്നു. ബാക്കിയാണ് മഞ്ഞക്കവറിലും (1.5 ശതമാനം കൊഴുപ്പ്) ചുവപ്പ് കവറിലും (3.5 ശതമാനം കൊഴുപ്പ്) വിപണിയില്‍ എത്തിച്ചിരുന്നത്. ക്ഷാമം രൂക്ഷമായതോടെ ഇപ്പോള്‍ നീലക്കവര്‍ പാലിന്റെ ഉത്പാദനം തിരുവനന്തപുരം മേഖല നിര്‍ത്തി. കൊച്ചി, മലപ്പുറം മേഖലകള്‍ നാമമാത്രമായാണ് നീലക്കവര്‍ വിപണിയില്‍ എത്തിക്കുന്നത്.
പാല്‍ക്ഷാമം പിടിച്ചുനിര്‍ത്താനായി പ്രതിദിനം 5000 കിലോ പാല്‍പ്പൊടി കലര്‍ത്തിയാണ് മഞ്ഞക്കവര്‍ പാല്‍ വിപണിയില്‍ എത്തിക്കുന്നത്. ഇപ്പോള്‍ മില്‍മ മഞ്ഞക്കവറിന് 30 പൈസയുടെയും നീലക്കവറിന് 1.15 രൂപയുടെയും നഷ്ടം സഹിച്ചാണ് വിപണിയില്‍ എത്തിക്കുന്നത്. ഈ നിലയില്‍ മില്‍മയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam