
കൊച്ചി: മേജര്‍ രവി സംവിധാനം ചെയ്യുന്ന 'കാണ്ടഹാറി'ലൂടെ ഇന്ത്യന്‍ സിനിമയുടെ 'ബിഗ്ബി' അമിതാഭ്ബച്ചന്‍ മലയാളത്തിലെത്തുന്നു. ഞായറാഴ്ച റസ്സൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്റെ ജീവന്‍രക്ഷാ പദ്ധതിയുടെ ഉദ്ഘാടനത്തിന് കൊച്ചിയിലെത്തിയ ബച്ചനെ മേജര്‍ രവി ചിത്രത്തിന്റെ കഥ പറഞ്ഞു കേള്‍പ്പിച്ചു. കഥ ഇഷ്ടമായ അദ്ദേഹം ഉടന്‍ സമ്മതം അറിയിച്ചുവെന്ന് മേജര്‍ രവി പറഞ്ഞു.
മോഹന്‍ലാല്‍ നായകനാകുന്ന 'കാണ്ടഹാര്‍' ഇന്ത്യയെ ഞെട്ടിച്ച വിമാനറാഞ്ചലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ്. മോഹന്‍ലാലിന്റെയും റസ്സൂല്‍ പൂക്കുട്ടിയുടേയും സാന്നിധ്യത്തില്‍ സിനിമയുടെ കഥകേട്ട ബച്ചന്‍ എത്ര ദിവസം വേണമെന്നാണ് ആദ്യം ചോദിച്ചത്. നാലോ അഞ്ചോ ദിവസം മതിയെന്ന് മേജര്‍ രവി പറഞ്ഞപ്പോള്‍ 'ഉടന്‍ തന്നെ പ്ലാന്‍ ചെയേ്താളൂ' എന്നും അമിതാഭ് പറഞ്ഞു.
റസ്സൂല്‍ പൂക്കുട്ടിയാകും ചിത്രത്തിന്റെ ശബ്ദമിശ്രണം. ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളില്‍ മുംബൈ, ഡല്‍ഹി, കാഠ്മണ്ഡു എന്നിവിടങ്ങളിലാകും ചിത്രീകരണം. റസ്സൂലിന്റെ ഡേറ്റ് കിട്ടുന്നതിനനുസരിച്ചാകും ഷൂട്ടിങ്ങിന്റെ അന്തിമ തീയതി നിശ്ചയിക്കുക.
തീവ്രവാദികള്‍ റാഞ്ചിയ വിമാനത്തിലെ ഒരു യാത്രക്കാരന്റെ അച്ഛന്റെ വേഷമാണ് ബച്ചന്. മുംബൈയിലേയോ ഡല്‍ഹിയിലേയോ വിമാനത്താവളത്തില്‍ വച്ചാകും ഇദ്ദേഹം അഭിനയിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കുക. 'കീര്‍ത്തിചക്ര'യിലും 'കുരുക്ഷേത്ര'യിലും തിളങ്ങിയ മേജര്‍ മഹാദേവന്‍ ആയാണ് ലാല്‍ എത്തുന്നത്.
'ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്റെ സ്വപ്നസാക്ഷാത്കാരമാണിത്. ഒന്നരവര്‍ഷമായുള്ള കഠിനാധ്വാനത്തിന്റെ ഫലം' - ബച്ചന്റെ ആദ്യ മലയാള ചിത്രത്തിന്റെ സംവിധായകനാകാന്‍ കഴിഞ്ഞതിനെക്കുറിച്ച് മേജര്‍ രവി പറഞ്ഞു.