ഒരു മാസത്തിനിടെ ഏഴ് ബൈക്കുകള്‍ മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍

Posted on: 09 Feb 2010




കൊച്ചി: കൊച്ചിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമായി, ഒരു മാസത്തിനിടെ, ഏഴ്‌ബൈക്കുകള്‍ മോഷ്ടിച്ച അഞ്ചംഗ സംഘത്തെ സെന്‍ട്രല്‍ പോലീസ് അറസ്റ്റുചെയ്തു.

ആലപ്പുഴ തത്തംപിള്ളി ദേവരാഗത്തില്‍ ജിതിന്‍ ബി. രാജ് (19), കാക്കാഴം കമ്പിവളപ്പില്‍ അന്‍സില്‍ (20), ആലപ്പുഴ സീവ്യൂ വാര്‍ഡില്‍ തൈപ്പറമ്പില്‍ സജീര്‍ മുഹമ്മദ് (22), കാക്കാഴം എറത്തറവീട്ടില്‍ ഹബീബ് ഹഖ് (19), തത്തംപള്ളി ഗ്രെയ്‌സ് ഭവന്‍ വിജേഷ് (29) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റുചെയ്തത്. മേനക ബസ് സ്റ്റോപ്പിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കിന്റെ ഇഗ്‌നീഷ്യന്‍ വയര്‍ മുറിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘാംഗങ്ങള്‍ അറസ്റ്റിലായത്. കഴിഞ്ഞ ഒരു മാസത്തിനിടെ എറണാകുളത്തു നിന്ന് നാലും ചേര്‍ത്തല അര്‍ത്തുങ്കല്‍ പള്ളി പരിസരത്തു നിന്ന് മൂന്നും ബൈക്കുകള്‍ ഇവര്‍ മോഷ്ടിച്ചതായി സെന്‍ട്രല്‍ എസ്.ഐ. ഷിജു പി. ദാസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കുകളുടെ രജിസ്റ്റര്‍ നമ്പര്‍ മാറ്റി സംഘാംഗങ്ങള്‍ തന്നെ ഉപയോഗിക്കുകയായിരുന്നു. ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബൈക്ക് മോഷണങ്ങളെക്കുറിച്ച് പരാതി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ പ്രധാന പാര്‍ക്കിംഗ് സ്ഥലങ്ങളിലെല്ലാം പോലീസിനെ മഫ്തിയില്‍ നിയോഗിച്ചിരുന്നു. ഇത്തരത്തില്‍ നിയോഗിച്ച മഫ്തി പോലീസാണ് സംഘത്തെ പിടികൂടിയത്.

ഹാന്‍ഡ്‌ലോക്ക് ചെയ്യാത്ത ബൈക്കുകളാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. ബൈക്ക് പാര്‍ക്ക് ചെയ്തു പോകുന്ന ഉടമയെ സംഘത്തിലൊരാള്‍ പിന്തുടരും. മറ്റൊരാള്‍ ബൈക്കിനടുത്തു വന്ന് പരിസരം വീക്ഷിച്ച ശേഷം സൗകര്യപ്രദമായ സമയത്ത് ഇഗ്‌നീഷ്യന്‍ വയര്‍ മുറിച്ച് ബൈക്കുമായി കടക്കും. മോഷണത്തിനിടെ ബൈക്കുടമ തിരികെ വരുന്നുണ്ടെങ്കില്‍, പിന്തുടരുന്നയാള്‍ മൊബൈല്‍ ഫോണില്‍ വിളിച്ചറിയിക്കും.

അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി. അസി. കമ്മീഷണര്‍ സുനില്‍ ജേക്കബ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. വേണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ്.ഐ.മാരായ പി. ഷിജു, ദിപിന്‍, എച്ച്.സി.മാരായ ജേക്കബ്, നിത്യാനന്ദ കമ്മത്ത്, വേണു, പോലീസുകാരായ കൃഷ്ണകുമാര്‍, ഷൈന്‍, ബോസ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/