കൊച്ചി: ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസായി കുര്യന്‍ ജോസഫ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഷിംല രാജ് ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍വച്ച് ഗവര്‍ണര്‍ ഊര്‍മിള സിങ്ങാണ് ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. കേരള ഹൈക്കോടതിയില്‍ സീനിയര്‍ ജഡ്ജിയായിരിക്കെയാണ് കുര്യന്‍ ജോസഫിനെ ഹിമാചല്‍ ചീഫ് ജസ്റ്റിസായി നിയമിച്ചത്. ചടങ്ങില്‍ മുന്‍ കേരള ചീഫ് ജസ്റ്റിസ് വി.കെ. ബാലി, കേരള ഹൈക്കോടതി ജഡ്ജിമാരായ പയസ് കുര്യാക്കോസ്, പി.ആര്‍. രാമചന്ദ്രമേനോന്‍, സി.കെ. അബ്ദുള്‍ റഹിം, സി.ടി. രവികുമാര്‍, തോമസ് പി. ജോസഫ്, ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി വിജു അബ്രഹാം, സീനിയര്‍ അഡ്വ. സുമതി ദണ്ഡപാണി, അഡ്വ. ഉര്‍സുള ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹിമാചല്‍ മുഖ്യമന്ത്രി പ്രൊഫ. പി.കെ. ദുമ്മല്‍, ലോകായുക്ത ജസ്റ്റിസ് ഭവാനി സിങ്ങ്, പ്രതിപക്ഷ നേതാവ്, സംസ്ഥാന മന്ത്രിമാര്‍, എം.പി., എംഎല്‍എമാര്‍, ബ്രിജ്‌നോര്‍ രൂപതയില്‍നിന്ന് ഫാ. ഷിബു തുണ്ടത്തില്‍, കേരള ലീഗല്‍ സര്‍വീസസ് അതോറിട്ടി സെക്രട്ടറി മോഹന്‍ദാസ് എന്നിവരും ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പി.സി. ബാലകൃഷ്ണമേനോനു ശേഷം ഹിമാചലില്‍ ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ മലയാളിയാണ് കുര്യന്‍ ജോസഫ്