പാഠപുസ്തകങ്ങളിലൂടെ സര്‍ക്കാര്‍ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നു-പാണക്കാട് തങ്ങള്‍

Posted on: 09 Feb 2010




കൊച്ചി: പാഠപുസ്തകങ്ങളിലൂടെ ഇടതു സര്‍ക്കാര്‍ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നടപടികളെല്ലാംതന്നെ വിവാദമാവുകയാണ്. എല്ലാ മത വിഭാഗങ്ങളും സൗഹാര്‍ദത്തോടെ കഴിയുന്ന കേരളത്തില്‍, ഏതെങ്കിലും ഒരു മതമേധാവിയെ വികലമാക്കുന്ന തരത്തില്‍ പഠിപ്പിക്കുന്നത് ശരിയല്ല. ചരിത്ര പാഠപുസ്തകങ്ങള്‍ കേരളത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. പല വിധത്തിലുള്ള പരിഷ്‌കാരങ്ങളാല്‍ വിദ്യാഭ്യാസ മേഖലയെ ഇടതുസര്‍ക്കാര്‍ താറുമാറാക്കിയിരിക്കുകയാണ് - ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ.എസ്.ടി.യു. സംസ്ഥാന സമ്മേളന ഭാഗമായുള്ള സമ്പൂര്‍ണ സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂവായിരത്തോളം അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കണ്ണില്‍ പൊടിയിടുന്ന ഒരു ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ടെങ്കിലും അത് പ്രായോഗികമല്ല. 12 വര്‍ഷം വരെ ജോലി ചെയ്ത അധ്യാപകര്‍ പുറത്തുപോകേണ്ട സ്ഥിതിയാണ്. അധ്യാപകരുടെ ജോലി പോകുന്ന നിയമം എടുത്തുകളയണം - പാണക്കാട് തങ്ങള്‍ പറഞ്ഞു.

കേരളത്തില്‍ ഭരണസംവിധാനം നോക്കുകുത്തിയാണെന്നും ഇപ്പോള്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ഒരു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിമാരാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.

പാര്‍ട്ടി അധികാരം കൈയിലെടുത്ത് ജനങ്ങളുടെ മേല്‍ അധീശത്വം അടിച്ചേല്‍പ്പിക്കുകയാണ്. അവര്‍ പറയുന്നതാണ് നീതിയും ന്യായവും. കാര്യങ്ങള്‍ ഉദ്യോഗസ്ഥരെയല്ല, പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരെയാണ് ബോധ്യപ്പെടുത്തേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ശമ്പളം ഇനി ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് കൊടുത്താല്‍ മതി. ഇവിടെ ജനാധിപത്യം ഇല്ലാതായിരിക്കുകയാണ്. ജനങ്ങളുടെ മേല്‍ പാര്‍ട്ടി അധീശത്വം അടിച്ചേല്‍പ്പിച്ചിരിക്കുന്നു. പൗരബോധമുള്ളവര്‍ക്കും മാന്യതയുള്ളവര്‍ക്കും ഇത് സഹിക്കാനും പൊറുക്കാനും കഴിയില്ല.

വിദ്യാഭ്യാസ മേഖലയിലും പാര്‍ട്ടി രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ്. വിദ്യാര്‍ഥികള്‍ പഠിക്കേണ്ടത് പാര്‍ട്ടി പരിപാടിയാണ്. മേഴ്‌സി രവിയുടെ മരണവാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയതിന് പത്രാധിപര്‍ക്ക് കത്തെഴുതാനാണ് അവര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്നത്.

വിദ്യാഭ്യാസത്തിന്റെ ദേശീയവും സാംസ്‌കാരികവും സാമൂഹികവുമായ മൂല്യങ്ങള്‍ അവര്‍ ഇല്ലാതാക്കി. അധ്യാപകരെ യന്ത്രങ്ങളാക്കി മാറ്റി 'മാര്‍ക്‌സി'നുപോലും ക്ലാസ് എടുക്കുന്ന ആളാണ് വിദ്യാഭ്യാസ മന്ത്രി. അദ്ദേഹം പറയുന്നത് കുട്ടികള്‍ക്കും കുട്ടികള്‍ പറയുന്നത് അദ്ദേഹത്തിനും മനസ്സിലാകുന്നില്ല. വിദ്യാഭ്യാസ മേഖല താറുമാറായിക്കഴിഞ്ഞു. ഇനി നിവേദനം നല്‍കിയതുകൊണ്ടൊന്നും കാര്യമില്ല, ഒരു കൊല്ലംകൂടി കാത്തിരിക്കുക മാത്രമേ വഴിയുള്ളൂ - എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.

കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, ഡോ. ഫാത്തിമ മുസഫര്‍, കോട്ടാത്തല മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്കുശേഷം നടന്ന വിദ്യാഭ്യാസ സമ്മേളനം കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/