ഒന്നാംറാങ്ക് കയ്യാലപ്പുറത്ത്

Posted on: 09 Feb 2010



സ്റ്റെയ്‌ന് ഏഴുവിക്കറ്റ്
സെവാഗിന് സെഞ്ച്വറി
ഇന്ത്യയ്ക്ക് ഫോളോ ഓണ്‍
ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 259 റണ്‍സ് കൂടി



നാഗ്പുര്‍: പ്രഖ്യാപനങ്ങളല്ല, പ്രകടനമാണ് കളിക്കളത്തില്‍ വേണ്ടതെന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തെളിയിച്ചു. മാരകമായ സ്വിങ് ബൗളിങ്ങിലൂടെ ഡെയ്ല്‍ സ്റ്റെയ്ന്‍ ബാറ്റിങ് നിരയെ കീറിമുറിച്ചതോടെ, ഇന്ത്യയും ദക്ഷിണാഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഫലം മൂന്നുദിവസം പൂര്‍ത്തിയായപ്പോഴേ ഏറെക്കുറെ ഉറപ്പായി.

ഇന്നിങ്‌സ് തോല്‍വിയോ, അതിനടുത്ത നാണക്കേടോ ആകാം വരും ദിനങ്ങളില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. അതോടെ, ഡിസംബറില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് തട്ടിയെടുത്ത ടെസ്റ്റ്‌റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ടീം ഇന്ത്യയ്ക്ക് തിരിച്ചുനല്‍കുകയുമാവാം. ദക്ഷിണാഫ്രിക്ക ആറിന് 558. ഇന്ത്യ 233, രണ്ടിന് 66. ഒരൊറ്റ സെഷനിലാണ് ഇന്ത്യ കളി വലിച്ചെറിഞ്ഞത്. ചായയ്ക്ക് പിരിയുമ്പോള്‍ നാലിന് 221 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ധോനിയും ബദരീനാഥും ക്രീസില്‍. എന്നാല്‍ പിന്നീട് 7.4 ഓവറിനിടെ 12 റണ്‍സെടുക്കുമ്പോഴേക്കും ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇന്ത്യ പ്രതിസന്ധിയിലായി. ചായ്ക്കുശേഷമുള്ള സ്‌പെല്ലിന്‍ സ്റ്റെയ്ന്‍ 3.4 ഓവറില്‍ ഒരു റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 558 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ തിങ്കളാഴ്ച ക്രീസില്‍ വലിച്ചെറിഞ്ഞത് 12 വിക്കറ്റുകളാണ്. വീരേന്ദര്‍ സെവാഗിന്റെ സെഞ്ച്വറി (109) പ്രകടനവും അരങ്ങേറ്റക്കാരന്‍ എസ്. ബദരീനാഥിന്റെ അര്‍ധസെഞ്ച്വറിയും (56) ഇന്ത്യയെ രക്ഷിച്ചില്ല. ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെ മാരകബൗളിങ്ങാണ് ഇന്ത്യയെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ 51 റണ്‍സ് വഴങ്ങി ഏഴുവിക്കറ്റെടുത്ത സ്‌റ്റെയ്ന്‍ രണ്ടാം ഇന്നിങ്‌സില്‍ സെവാഗിനെയും മടക്കി. ആദ്യ ഇന്നിങ്‌സില്‍ 233 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ വഴങ്ങിയിട്ടും പാഠങ്ങള്‍ പഠിച്ചില്ലെന്നതിന് തെളിവായി രണ്ടാം ഇന്നിങ്‌സില്‍ രണ്ടുവിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. കളിയവസാനിക്കുമ്പോള്‍, രണ്ടിന് 66 എന്ന നിലയിലാണ് ഇന്ത്യ. സച്ചിന്‍ തെണ്ടുല്‍ക്കറും (15) മുരളി വിജയിയും (27) ക്രീസില്‍ നില്‍ക്കുന്നു. പക്ഷേ, ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കണമെങ്കില്‍ ഇനിയും 259 റണ്‍സ് കൂടി വേണം. വ്യാഴാഴ്ച ആദ്യ സെഷനെ ഇന്ത്യന്‍ മുന്‍നിര എത്ര കരുതലോടെ നേരിടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഈ ടെസ്റ്റില്‍ ടീം ഇന്ത്യയുടെ ആയുസ്സ്.

ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാംസ്ഥാനം തിരിച്ചുകിട്ടുമെങ്കില്‍, അതിന് ദക്ഷിണാഫ്രിക്ക കടപ്പെട്ടിരിക്കുന്നത് സ്റ്റെയ്‌നോടാണ്. പുതിയ പന്തിനെ ഇരവശങ്ങളിലേക്കും സ്വിങ് ചെയ്യിച്ച് ബാറ്റ്‌സ്മാന്മാരില്‍ സമ്മര്‍ദമേറ്റുകയും പന്ത് പഴകിയതോടെ റിവേഴ്‌സ് സ്വിങ്ങിലൂടെ വാലറ്റത്തെ കൂടാരം കയറ്റുകയും ചെയ്ത സ്‌റ്റെയിന്റെ പ്രകടനം കരിയറിലെ ഏറ്റവും മികച്ചതാണ്. എന്തുകൊണ്ട് ലോകത്തെ ഏറ്റവും മികച്ച ബൗളറായി താന്‍ മാറിയെന്ന് തെളിയിച്ച പ്രകടനം.

വിക്കറ്റ് നഷ്ടമില്ലാതെ 25 എന്ന നിലയില്‍ തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ത്തന്നെ അപായ സൂചന ലഭിച്ചു. രണ്ടാമത്തെ ഓവറിന്റെ ആദ്യ പന്ത് എഡ്ജ് ചെയ്ത ഗംഭീര്‍(12) കീപ്പര്‍ ബൗച്ചറുടെ കൈകളിലെത്തി. തൊട്ടുപിന്നാലെ മുരളി വിജയ് മടങ്ങി. ഓഫ് സൈഡിന് പുറത്തുകുത്തിയ പന്ത് കൈകളുയര്‍ത്തി ലീവ് ചെയ്ത വിജയ് പന്തൊരിക്കലും സ്റ്റമ്പില്‍ പതിക്കുമെന്ന് വിചാരിച്ചിരിക്കില്ല. സച്ചിന്‍ (7) മടങ്ങിയതോടെ ഇന്ത്യ മൂന്നിന് 56 എന്ന നിലയില്‍ പ്രതിസന്ധിയിലായി.

എന്നാല്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയില്‍ ഏറെ മികവ് കാട്ടാറുള്ള സെവാഗും അരങ്ങേറ്റക്കാരന്‍ ബദരീനാഥും ചേര്‍ന്ന് കാര്യങ്ങള്‍ ഏറെക്കുറെ നേര്‍വഴിക്കാക്കി. 136 റണ്‍സിന്റെ കൂട്ടുകെട്ട് വന്നതോടെ ഇന്ത്യ ഫോളോ ഓണ്‍ കെണിയില്‍നിന്ന് രക്ഷപ്പെടുമെന്ന പ്രതീതി ശക്തമായി. ഇതിനിടെ, കരിയറിലെ 18-ാം സെഞ്ച്വറി വീരേന്ദര്‍ സെവാഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. സെവാഗിന്റെ പതിവ് ഇന്നിങ്‌സുകളില്‍നിന്ന് വ്യത്യസ്തമായി, 139 പന്തുകളില്‍നിന്നാണ് 109 റണ്‍സ് വന്നത്. 15 ബൗണ്ടറികളും അതില്‍പ്പെടുന്നു. വെയ്ന്‍ പാര്‍നലിന്റെ ഒരോവറില്‍ തുടരെ രണ്ട് ബൗണ്ടറികള്‍ നേടിയതിന്റെ ആവേശത്തില്‍ വീണ്ടുംവമ്പനടിക്ക് മുതിര്‍ന്നതാണ് സെവാഗിനെ കുടുക്കിയത്. സെവാഗിന്റെ പുറത്താകല്‍ മറ്റൊരു കൂട്ടത്തകര്‍ച്ചയ്ക്ക് തുടക്കമിടുകയായിരുന്നു. ഇതുള്‍പ്പെടെ ഏഴുവിക്കറ്റുകള്‍ വെറും 41 റണ്‍സിനിടെയാണ് വീണത്.

സ്വിങ് ചെയ്തുവരുന്ന പന്തിനെ ലാഘവത്തോടെ കൈകളുയര്‍ത്തി ലീവ് ചെയ്യാനുള്ള അതിസാഹസം. രാഹുല്‍ദ്രാവിഡും വി.വി.എസ്. ലക്ഷ്മണുമില്ലെന്നറിഞ്ഞിട്ടും കരുതലോടെ ക്രീസില്‍ നില്‍ക്കുന്നതില്‍ കാണിച്ച മടി. പുതുനിരയുടെ പരിചയക്കുറവ്. ഇങ്ങനെ എത്ര വേണമെങ്കിലും കാരണങ്ങള്‍ കണ്ടെത്താം. ഒന്നാം ഇന്നിങ്‌സിനെ രക്ഷിച്ച സെവാഗിനും അക്ഷമയാണ് പുറത്തേക്ക് വഴിതുറന്നത്. രണ്ടാമിന്നിങ്‌സില്‍ സ്റ്റെയ്‌നെറിഞ്ഞ ഔട്ട്‌സ്വിങ്ങറില്‍ ബാറ്റ് വീശി സ്ലിപ്പില്‍ സെവാഗ് ക്യാച്ച് നല്‍കിയപ്പോഴും അക്ഷമതന്നെയാണ് വില്ലനായത്.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ പോരായ്മകളേക്കാള്‍, സ്റ്റെയ്‌നും മോര്‍ക്കലും പാര്‍നലും നടത്തിയ അച്ചടക്കത്തോടെയുള്ള ബൗളിങ്ങിനാണ് തിങ്കളാഴ്ച നൂറുമാര്‍ക്കും. 145-150 കിലോമീറ്റര്‍ വേഗത്തില്‍ ലോകത്തെവിടെ പന്തെറിഞ്ഞാലും അതിന്റെ ഗുണം ഒന്നുതന്നെയാണെന്ന് സ്റ്റെയ്ന്‍ ടെസ്റ്റിന് മുമ്പ് പറഞ്ഞത് അവര്‍ പ്രകടനത്തിലൂടെ ശരിവെക്കുകയും ചെയ്തു. യോര്‍ക്കറുകളോ ബൗണ്‍സറുകളോ എറിഞ്ഞ് ബാറ്റ്‌സ്മാനെ ഭയപ്പെടുത്താന്‍ ശ്രമിക്കാതെ, കൃത്യമായ ലൈന്‍ കാത്തുസൂക്ഷിച്ച് ഇന്‍സ്വിങ്ങറുകളും ഔട്ട് സ്വിങ്ങറുകളും ഇടകലര്‍ത്തിയെറിഞ്ഞ് വിക്കറ്റെടുക്കുകയെന്ന തന്ത്രമാണ് അവര്‍ നടപ്പാക്കിയത്. അതാണ് വിജയിച്ചതും.

സേ്കാര്‍ബോര്‍ഡ്

ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സ്
ആറിന് 558 ഡിക്ല.

ഇന്ത്യ ഒന്നാമിന്നിങ്‌സ്


ഗംഭീര്‍ സി ബൗച്ചര്‍ ബി മോര്‍ക്കല്‍ 12, സെവാഗ് സി ഡൂമിനി ബി പാര്‍നല്‍ 109, മുരളി വിജയ് ബി സ്റ്റെയ്ന്‍ 4, സച്ചിന്‍ സി ബൗച്ചര്‍ ബി സ്റ്റെയ്ന്‍ 7, ബദരീനാഥ് സി പ്രിന്‍സ് ബി സ്റ്റെയ്ന്‍ 56, ധോനി സി കാലിസ് ബി ഹാരിസ് 6, സാഹ ബി സ്‌റ്റെയ്ന്‍ 0, ഹര്‍ഭജന്‍ എല്‍ബിഡബ്ല്യു ബി സ്‌റ്റെയ്ന്‍ 8, സഹീര്‍ ബി സ്‌റ്റെയ്ന്‍ 2, അമിത് ബി സ്‌റ്റെയ്ന്‍ 0, ഇഷാന്ത് നോട്ടൗട്ട് 0, എക്‌സ്ട്രാസ് 29, ആകെ 64.4 ഓവറില്‍ 233ന് പുറത്ത്. വിക്കറ്റ് വീഴ്ച: 1-31, 2-40, 3-56, 4-192, 5-221, 6-221, 7-222, 8-226, 9-228, 10-233.
ബൗളിങ്: സ്റ്റെയ്ന്‍ 16.4-6-51-7, മോര്‍ക്കല്‍ 15-4-58-1, പോള്‍ ഹാരിസ് 17-2-39-1, പാര്‍നല്‍ 7-1-31-1, കാലിസ് 6-0-14-0, ഡൂമിനി 3-0-20-0.

ഇന്ത്യ രണ്ടാമിന്നിങ്‌സ്


ഗംഭീര്‍ ബി മോര്‍ക്കല്‍ 1, സെവാഗ് സി സ്മിത്ത് ബി സ്‌റ്റെയ്ന്‍ 16, വിജയ് നോട്ടൗട്ട് 27, സച്ചിന്‍ നോട്ടൗട്ട് 15, എക്‌സ്ട്രാസ് 7, ആകെ 23 ഓവറില്‍ രണ്ടിന് 66. വിക്കറ്റ് വീഴ്ച: 1-1, 2-24. ബൗളിങ്: സ്‌റ്റെയ്ന്‍ 4-0-14-1, മോര്‍ക്കല്‍ 6-2-21-1, പാര്‍നല്‍ 2-0-12-0, ഹാരിസ് 7-3-12-0, കാലിസ് 4-2-5-0.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/