സാക്ഷരതാമിഷന്റെ 'എ' ലെവല്‍ സര്‍ട്ടിഫിക്കറ്റ് പത്താംക്ലാസ്സിനു തുല്യം

Posted on: 09 Feb 2010



തിരുവനന്തപുരം: സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംക്ലാസ് തുല്യത 'എ' ലെവല്‍ പരീക്ഷ വിജയിച്ചവരെ പത്താംക്ലാസ് ജയിച്ചതായി കണക്കാക്കി സ്ഥാനക്കയറ്റത്തിനു മാത്രം പരിഗണിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പി.എസ്.സി. അംഗീകരിച്ചു. റവന്യൂ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഭാവിയില്‍ എല്ലാ വകുപ്പിലും ഇത് പ്രാവര്‍ത്തികമായേക്കും.

പത്താംക്ലാസ് ജയിക്കാത്ത ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ പിന്നീട് സാക്ഷരതാമിഷന്റെ 'എ' ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെങ്കില്‍ ഇവരെ ക്ലറിക്കല്‍ തസ്തികകളില്‍ സ്ഥാനക്കയറ്റത്തിന് പരിഗണിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശയിന്മേലാണ് തിങ്കളാഴ്ച ചേര്‍ന്ന പി.എസ്.സി. യോഗം തീരുമാനമെടുത്തത്. നേരിട്ടുള്ള നിയമനത്തിന് ഈ യോഗ്യത പരിഗണിക്കില്ല.

സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുള്ള ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ തസ്തികയില്‍ 47 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പി.എസ്.സി. അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിനോടുള്ള പ്രതിഷേധം ഗവര്‍ണക്കു നല്‍കുന്ന വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താനും പി.എസ്.സി. യോഗം തീരുമാനിച്ചിട്ടുണ്ട്. താത്ക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്തണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം പി.എസ്.സി. നേരത്തെ എതിര്‍ത്തതായിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെയാണ് 47 പേരെ സ്ഥിരപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതുമൂലം പി.എസ്.സിക്ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ കുറവു വരുകയും ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന റാങ്ക്പട്ടികയിലുള്‍പ്പെട്ടവരുടെ അവസരമില്ലാതാവുകയും ചെയ്യും.

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് ഒഴിവാക്കിക്കൊണ്ടുള്ള സര്‍വീസ് ചട്ടഭേദഗതിക്കും പി.എസ്.സി. അംഗീകാരം നല്‍കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/