മൂന്നാര്‍: ആരുടെയും സൗജന്യം സ്വീകരിച്ചിട്ടില്ല -ഇ.പി. ജയരാജന്‍

Posted on: 09 Feb 2010



മഞ്ചേരി: മൂന്നാറില്‍ പാര്‍ട്ടിയോ പാര്‍ട്ടി നേതാക്കളോ ടാറ്റയുടേതടക്കം ആരുടെയും സൗജന്യം സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ മലപ്പുറത്ത് പറഞ്ഞു. ആരുടെയും സൗജന്യം സ്വീകരിക്കരുത് എന്നാണ് പാര്‍ട്ടിയുടെ നയം. എസ്. രാജേന്ദ്രന്‍ എം.എല്‍.എ ടാറ്റയുടെ സൗജന്യം സ്വീകരിച്ചത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എസ്. രാജേന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍ക്ക് അദ്ദേഹംതന്നെ മാധ്യമങ്ങള്‍ക്ക് മറുപടികൊടുത്തതാണ്. ഇപ്പോള്‍ വീണ്ടും വീണ്ടും അതിനെക്കുറിച്ച് ചോദിക്കുന്നത് വ്യക്തിഹത്യയുടെ ഭാഗമായാണ്. അങ്ങനെ ചെയ്യരുത്. അത് രാഷ്ട്രീയത്തിന് ദോഷംചെയ്യും -ജയരാജന്‍ പറഞ്ഞു.

ഭൂപ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിച്ചതിനുശേഷം വേണം മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍. കുരുടന്‍ ആനയെ കണ്ടതുപോലെയാണ് മൂന്നാറിലെ ഭൂപ്രശ്‌നം പത്രക്കാര്‍ കണ്ടത് -അദ്ദേഹം പറഞ്ഞു.

എന്നാല്‍ അടുത്തകാലത്ത് നടന്ന ഒരു കൈയേറ്റവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരിയില്‍ സീതിഹാജി അനുസ്മരണയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്ന ജയരാജന്‍.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/