സീതിഹാജി എന്തും ത്യജിക്കാന്‍ തയ്യാറായ ധീരന്‍ - ടി.പദ്മനാഭന്‍

Posted on: 09 Feb 2010



മഞ്ചേരി: സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വസ്വവും ത്യജിക്കാന്‍ ഒരു മടിയുമില്ലാത്ത ധീരനായിരുന്നു സീതിഹാജിയെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി.പദ്മനാഭന്‍ പറഞ്ഞു. മഞ്ചേരിയില്‍ മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സീതിഹാജി അനുസ്മരണച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലക്ഷ്യബോധമുള്ള നേതാവായിരുന്നു സീതിഹാജി. ഇല്ലായ്മയുടെ കഷ്ടപ്പാടുകള്‍ നന്നായി അനുഭവിച്ചിട്ടാണ് അദ്ദേഹം മുഖ്യധാരയില്‍ തിളങ്ങിയത്. സീതിഹാജിയുടെ പരമ്പര്യം അറിയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ധീരതയില്‍ സംശയം തോന്നില്ല. ആ ധീരത പൈതൃകമായി കിട്ടിയതാണ് - പദ്മനാഭന്‍ പറഞ്ഞു.

അനുസ്മരണച്ചടങ്ങ് മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഏറനാടിന്റെ ശൂരതകാണിച്ച നേതാവായിരുന്നു സീതിഹാജി. പല നിര്‍ണായകഘട്ടങ്ങളിലും ഇപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം ആഗ്രഹിച്ചുപോകാറുണ്ട് - കുഞ്ഞാലിക്കുട്ടി പറഞ്ഞു. നര്‍മ്മരസം ജന്മവാസനയായി കിട്ടിയ നേതാവായിരുന്നു സീതിഹാജിയെന്ന് അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ സീതിഹാജിയുമായി ഒന്നിച്ചുംഅകന്നും പ്രവര്‍ത്തിച്ചിരുന്ന കാലത്തെ ഇ.പി.ജയരാജന്‍ അനുസ്മരിച്ചു. കഠിനാധ്വാനത്തിലൂടെ തന്റെ കഴിവുകള്‍ വളര്‍ത്തിയെടുത്ത ധീരനായിരുന്നു സീതിഹാജിയെന്ന് ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ പറഞ്ഞു. ഏറനാടിന്റെ ഭാഷയെ അസംബ്ലിയിലേക്കും പൊതുരംഗത്തേക്കും കൊണ്ടുവന്നത് സീതിഹാജിയാണെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ഡോ.എം.കെ.മുനീര്‍ എന്നിവരും സീതിഹാജിയെ അനുസ്മരിച്ചു.

ചടങ്ങില്‍ സീതിഹാജിയെക്കുറിച്ച് ടി.പി.ചെറൂപ്പ എഴുതിയ 'അലിവ് പെയ്യും ശൗര്യം' എന്ന പുസ്തകം പ്രകാശനംചെയ്തു. ടി.പദ്മനാഭന്‍, യു.എ.ഇ കെ.എം.സി.സി സെക്രട്ടറി യഹിയ തളങ്കരയ്ക്ക് നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. പി.കെ.പാറക്കടവ് പുസ്തകം പരിചയപ്പെടുത്തി. ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. പി.കെ.അബ്ദുറബ്ബ് എം.എല്‍.എ സ്വാഗതവും പി.അബ്ദുള്‍ ഹമീദ് നന്ദിയും പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/