തോട്ടം കൈയേറിയ സംഭവം: സി.പി.എം. നിയമത്തെ പരസ്യമായി വെല്ലുവിളിക്കുന്നു-കെ.സുധാകരന്‍

Posted on: 09 Feb 2010



കണ്ണൂര്‍: രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ച് ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ കൈവശമുള്ള തോട്ടം കൈയേറിയ സി.പി.എം. നയം ജനാധിപത്യത്തോടും പൗരാവകാശത്തോടുമുള്ള വെല്ലുവിളിയാണെന്ന് കെ.സുധാകരന്‍ എം.പി.പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒരു ഭരണം നിലനില്‍ക്കെ ഭരണകക്ഷിയില്‍പ്പെട്ട പാര്‍ട്ടിതന്നെ നിതിന്യായവ്യവസ്ഥിതിയെ വെല്ലുവിളിച്ച് നിയമം കൈയിലെടുക്കുന്നത് ചരിത്രത്തിലാദ്യമാണെന്ന് കെ.സുധാകരന്‍ പറഞ്ഞു. നിയമം നടപ്പാക്കാന്‍ ഇവിടെ പോലീസുണ്ട്. കോടതിയുണ്ട്. സര്‍ക്കാരുണ്ട്. തോട്ടത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ നിയമപരമായി നേരിടട്ടെ, അതിനു പകരം ഒരു പാര്‍ട്ടി അധികാരത്തിന്റെ ഹുങ്കുപയോഗിച്ചു ഒരാളുടെ കൈവശഭൂമി കൈയേറുന്നതിന് എന്തര്‍ഥം? ഇതിന് സി.പി.എമ്മിന് ആര് അധികാരം കൊടുത്തു? സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കള്‍ മാത്രമല്ല മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു? കെ.സുധാകരന്‍ ചോദിച്ചു. രാഷ്ട്രീയ വിരോധം വെച്ച് ജനതാദള്‍ നേതാവ് പോത്തന്‍ ജോസഫിന്റെ ഭൂമിയും സി.പി.എം. ഇപ്പോള്‍ കൈയേറിയിരിക്കുകയാണ്. വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലായിരുന്നപ്പോള്‍ ഇല്ലാത്ത ഭൂമി കൈയേറ്റം ഇപ്പോള്‍ എങ്ങനെയുണ്ടായി. രാഷ്ട്രീയവിരോധം കാരണം എന്തു നീച പ്രവൃത്തിയും സി.പി.എം. ചെയ്യും എന്നുള്ളതിനുള്ള ഉദാഹരണമാണ് ഇത്-അദ്ദേഹം പറഞ്ഞു.

1949ല്‍ ശ്രേയാംസ്‌കുമാറിന്റെ കുടുംബത്തിന് കിട്ടിയ ഈ ഭൂമി അനധികൃതമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. 1954ലെ മദരാശി നിയമപ്രകാരം സര്‍ചാര്‍ജ് ഈടാക്കിയ ഭൂമിയാണിത്. ഇടുക്കിയിലും വയനാട്ടിലും ഇതുപോലെ നിരവധി ഭൂമിയുണ്ട്. എന്തുകൊണ്ട് സി.പി.എം .അതൊന്നും കൈയേറുന്നില്ല?

അന്തസ്സും അഭിമാനവും ഉണ്ടെങ്കില്‍ മൂന്നാറില്‍ സി.പി.എം കൈയേറി കെട്ടിയ പാര്‍ട്ടി ഓഫീസ് നില്‍ക്കുന്ന സ്ഥലം വിട്ടുകൊടുക്കണം. ഇടുക്കിയില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ കൈയേറിയ ഭൂമിയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഞെട്ടും. സി.പി.എം. ആദ്യം അത് പിടിച്ചെടുക്കട്ടെ. കെ.സുധാകരന്‍ പറഞ്ഞു.

ശ്രേയാംസ്‌കുമാറിന്റെ ഭൂമിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകണം. കോടതിവിധി വരുന്നത് വരെ കാത്തിരിക്കണം. ആര്‍ക്കും എതിര്‍പ്പില്ല. അതിന് പകരം ഭരണകക്ഷി സ്ഥലം കൈയേറുക, പോലീസ് നോക്കിനില്‍ക്കുക, സര്‍ക്കാര്‍ മിണ്ടാതിരിക്കുക, എന്തനീതിയാണിത്? പൗരാവകാശത്തിനായി ഇവിടെ ജനം തെരുവിലിറങ്ങണോ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നപുംസക നയം അവസാനിപ്പിക്കണം. അല്ലെങ്കില്‍ പൗരാവകാശത്തിനായി ജനങ്ങള്‍ സംഘടിക്കേണ്ടിവരും-കെ.സുധാകരന്‍ പറഞ്ഞു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/