പോലീസ് അലെര്‍ട്ടിന് ഇനി എസ്.എം.എസും
Posted on: 09 Feb 2010
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര പ്രാധാന്യമുള്ള സന്ദേശങ്ങള്‍ കൈമാറാന്‍ എസ്.എം.എസ്സുകളും. 'ഹലോ കേരള പോലീസ്' പദ്ധതിയിലൂടെ നല്‍കിയ സിം കാര്‍ഡുകള്‍ ബന്ധപ്പെടുത്തി നിലവില്‍ വരുന്ന ഗ്രൂപ്പ് മെസേജ് സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ഉന്നതതല നിര്‍ദേശങ്ങള്‍ മുതല്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചും പൊതുജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വരെ എസ്.എം.എസ്സിലൂടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഐ.പി.എസുകാര്‍ മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെയുള്ളവര്‍ക്കായി നല്‍കിയ 15,200 സിംകാര്‍ഡുകളാണ് ഗ്രൂപ്പ് മെസേജ് സര്‍വീസിന് കീഴില്‍ വരുന്നത്. ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള മെസേജ് സെന്റര്‍ പോലീസ് ആസ്ഥാനത്തെ ഹെടെക് സെല്ലില്‍ സജ്ജമായിട്ടുണ്ട്. ഉപയോഗത്തിലുള്ള മൊബൈല്‍ഫോണുകളെ വിവിധ വിഭാഗങ്ങളിലായി ഇരുന്നൂറ് ഗ്രൂപ്പുകളായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്.
ഗ്രൂപ്പ് സന്ദേശങ്ങള്‍ക്കായി നിലവില്‍ പോലീസ് ഉപയോഗിച്ചുവരുന്ന വയര്‍ലെസ് സെറ്റുകളേക്കാള്‍ പ്രയോജനകരമാണ് എസ്.എം.എസുകളെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ക്രമസമാധാനച്ചുമതലയുള്ള ഉദ്യോഗസ്ഥരെല്ലാം ഔദ്യോഗിക മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ എല്ലാവര്‍ക്കും സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും. പരസ്പരമുള്ള കോളുകളും എസ്.എം.എസുകളും സൗജന്യമായതിനാല്‍ മറ്റു ചെലവുകളും വേണ്ടിവരുന്നില്ല.
ജില്ലാ ആസ്ഥാനങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള പോലീസ് കണ്‍ട്രോള്‍ റൂമുകളിലേക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ വയര്‍ലെസ് സംവിധാനത്തിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന രീതിയാണ് ഇപ്പോള്‍ പോലീസ് അവലംബിക്കുന്നത്. പുതിയ സംവിധാനത്തില്‍ കണ്‍ട്രോള്‍ റൂം നമ്പറിന് (100) സമാനമായ രീതിയില്‍ മൊബൈല്‍ നമ്പര്‍ പോലീസ് പൊതുജനങ്ങള്‍ക്ക് നല്‍കും. ഈ നമ്പരിലേക്ക് എസ്.എം.എസുകളിലൂടെ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാം. ആക്രമണം, മോഷണം, അപകടം തുടങ്ങി ഉടന്‍ പോലീസ് സഹായം ആവശ്യമായ കാര്യങ്ങളാണ് ഈ സംവിധാനത്തില്‍ പരിഗണിക്കുന്നത്. നിലവില്‍ ക്രൈംസ്റ്റോപ്പറിലേക്ക് നല്‍കുന്ന വിവരങ്ങള്‍ എസ്.എം.എസിലൂടെ പുതിയ സംവിധാനത്തിലേക്ക് നല്‍കാം. സന്ദേശങ്ങളുടെ ഗൗരവം അനുസരിച്ച് മെസ്സേജ് സെന്ററില്‍ നിന്നും വിവിധ വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഗ്രൂപ്പ് എസ്.എം.എസിലൂടെ വിവരം കൈമാറും. ഫിബ്രവരി അവസാനവാരത്തോടെ മെസേജ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാകുമെന്നറിയുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam